വടകര: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് മുപ്പത്തിനാലാമത് സംസ്ഥാന സമ്മേളനം 22,23,24 തിയ്യതികളില്‍ ഇരിങ്ങല്‍ സര്‍ഗാലയയില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം, യാത്രയയപ്പ്, സെമിനാര്‍, പൊതുസമ്മേളനം എന്നിവ നടക്കും. കേരള പോലീസില്‍ വരേണ്ട അനിവാര്യമായ മാറ്റങ്ങളെ സംബന്ധിച്ച് സമ്മേളനം വിശദമായി ചര്‍ച്ച ചെയ്യും. പോലീസ് പൊതു സമൂഹത്തിന് നല്കുന്ന സേവനങ്ങള്‍ കൂടുതല്‍ മികവിലെത്തിക്കുക എന്ന ലക്ഷ്യത്തോടൊപ്പം തൊഴിലിടങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്ന ജോലി ഭാരവും മാനസിക സമ്മര്‍ദവും ഉള്‍പ്പടെ കുറച്ചുകൊണ്ടുവരുന്നതിനും ആവശ്യമായ നടപടികള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.
വ്യാഴാഴ്ച രാവിലെ 9 മണിക്ക് പതാക ഉയര്‍ത്തുന്നതോടെ സമ്മേളന നടപടികള്‍ ആരംഭിക്കും. തുടര്‍ന്ന് രക്തസാക്ഷി അനുസ്മരണം നടക്കും. 10 മണിക്ക് യാത്രയയപ്പ് യോഗവും പ്രതിനിധി സമ്മേളനവുമാണ്. പ്രതിനിധി സമ്മേളനം റവന്യൂ മന്ത്രി കെ.രാജന് ഉദ്ഘാടനം ചെയ്യും. എഡിജിപി ലോ ആന്‍ഡ് ഓര്‍ഡര്‍ എം.ആര്.അജിത്ത് കുമാര്‍, പയ്യോളി നഗരസഭാ ചെയര്മാന് വി.കെ.അബ്ദുറഹിമാന്, ജില്ലാ പോലീസ് മേധാവി പി.നിധിന്‍രാജ് തുടങ്ങിയവര്‍ സംസാരിക്കും. 23 ന് രാവിലെ മുതല്‍ ഗ്രൂപ്പ് ചര്‍ച്ച, വരവ് ചെലവ് കണക്ക് അംഗീകരിക്കല്‍, റിപ്പോര്‍ട്ട് അംഗീകരിക്കല്‍, പ്രമേയങ്ങള്‍ അംഗീകരിക്കല്‍ എന്നിവ നടക്കും. 24 ന് രാവിലെ 10 മണിക്ക് ‘വളരുന്ന കേരളം വളരേണ്ട പോലീസ്’എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ വ്യവസായ-നിയമ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. കേരള മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ മെമ്പര്‍ കെ.ബൈജുനാഥ് മുഖ്യ പ്രഭാഷണം നടത്തും. വൈകീട്ട് മൂന്ന് മണിക്ക് പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. മന്ത്രി ഒ.ആര്.കേളു, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹെബ്, ഇന്റലിജന്‍സ് എഡിജിപി മനോജ് എബ്രഹാം, നോര്‍ത്ത് സോണ്‍ ഐജി
കെ.സേതുരാമന് തുടങ്ങിയവര്‍ പങ്കെടുക്കും.