വടകര: വയനാട്, വിലങ്ങാട് ഉരുൾ പൊട്ടലിൽ മരിച്ചവരുടെ ആശ്രിതർക്കും സർവതും നഷ്ടപ്പെട്ടവർക്കും കൈത്താങ്ങായി വടകരയിലെ മുഴുവൻ ബസുകളും 22 ന് കാരുണ്യ യാത്ര നടത്തുന്നു. ബസുകളുടെ വരുമാനവും തൊഴിലാളികളുടെ വേതനവും പൊതു ജനങ്ങളുടെയും വിദ്യാർഥികളെയും സഹായവും ഉൾപ്പെടെ ദുരിതാശ്വാസ നിധിയിലേലേക്ക് നൽകുമെന്ന് സംയുക്ത തൊഴിലാളി യൂണിയനും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും

തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വടകര കേന്ദ്രമായി സർവീസ് നടത്തുന്ന 125 ബസുകൾ കാരുണ്യ യാത്രയിൽ പങ്കെടുക്കും. കാരുണ്യ യാത്ര 22 ന് രാവിലെ വടകര ആർടിഒ വി.എ.സഹദേവൻ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി എ.പി.ഹരിദാസൻ, പി.പി.വിജയൻ, ഉഷസ് ഗോപാലൻ, യൂണിയൻ നേതാക്കളായ എ. സതീശൻ, കെ.എൻ.എ അമീർ എന്നിവർ പങ്കെടുത്തു.