വള്ളിക്കാട്: കേരളത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങളില്‍ നിന്ന് നാടിനെ മോചിപ്പിക്കുന്നതിന് പിണറായി സര്‍ക്കാറിന് പ്രത്യേക പദ്ധതികളില്ലെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ ഏല്പിച്ച് സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്നും കെ.സി ഉമേഷ് ബാബു പറഞ്ഞു ആര്‍എംപിഐ നേതൃത്വത്തില്‍ വള്ളിക്കാട് സംഘടിപ്പിച്ച പി.കൃഷ്ണപിള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷ്ണപിള്ള പടുത്തുയര്‍ത്തിയ കമ്യൂണിസ്റ്റ് പാര്‍ട്ടി വര്‍ത്തമാന കാലത്ത് ജനപക്ഷരാഷ്ട്രീയം ഉപേക്ഷിച്ച് അധികാര പാര്‍ട്ടിയായി അധ:പ്പതിച്ചെന്നും അദ്ദേഹം പറഞ്ഞു.
ജനപക്ഷ നിലപാടുകള്‍ കൈവെടിഞ്ഞ പിണറായി സര്‍ക്കാറും പാര്‍ട്ടിയും അടിസ്ഥാന ജനവിഭാഗത്തിന്റെ താല്പര്യങ്ങള് സംരക്ഷിക്കാതെ ജനങ്ങളുടെ ക്ഷേമ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുകയാണ്. ഇത്തരം ജനവിരുദ്ധര്‍ നയിക്കുന്ന പാര്‍ട്ടി കൃഷ്ണപിള്ളയുടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയല്ലെന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കെ.കെ.സദാശിവന് അധ്യക്ഷത വഹിച്ചു. ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു, കുളങ്ങര ചന്ദ്രന്, ടി.കെ.സിബി, കെ.ഭാസ്കരന് എന്നിവര്‍ സംസാരിച്ചു.