പുറമേരി: അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെയും ഗ്രാമപഞ്ചായത്തിന്റെ അനുമതിയില്ലാതെയും ബയോമെഡിക്കല്‍
മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് പുറമേരിയില്‍ ദന്താശുപത്രിക്കെതിരെ നടപടി. ആരോഗ്യവിഭാഗത്തിന് ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പുറമേരി ടൗണിലെ ഡെന്റല്‍ പേള്‍ മള്‍ട്ടി സ്പെഷാലിറ്റി ക്ലിനിക്കിന്റെ പ്രവര്‍ത്തനം ആരോഗ്യ വിഭാഗം നിര്‍ത്തിവെപ്പിച്ചു. പുറമേരി കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേന്ദ്രന് കല്ലേരി, ജെഎച്ച്ഐ കെ.സന്ദീപ് കുമാര്‍ എന്നിവര്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി. ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ അലക്ഷ്യമായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തുടര്‍ന്നാല്‍ മാരകമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവ് നല്‍കിയതെന്നും സ്ഥാപനത്തിനെതിരെ
പൊതുജനാരോഗ്യ നിയമം 2023 പ്രകാരം നടപടി സ്വീകരിക്കുമെന്നും കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇസ്മയില്‍ പുളിയം വീട്ടില്‍ അറിയിച്ചു.

