മേമുണ്ട: ഹയർസെക്കണ്ടറി സ്കൂൾ മുഴുവൻ അധ്യാപകരും, ജീവനക്കാരും, വിദ്യാർഥികളും, രക്ഷിതാക്കളും ചേർന്ന് വയനാടിനെ കൈപിടിച്ചുയർത്താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത് 20 ലക്ഷത്തിലേറെ രൂപ. മുഴുവൻ വിദ്യാർത്ഥികളും രക്ഷിതാക്കളും മാത്രം ചേർന്ന് അഞ്ച് ലക്ഷത്തി ഇരുപത്തിആറായിരത്തി ഇരുന്നൂറ്റി മൂന്ന് (526203) രൂപയാണ് പിരിച്ചത്. സ്കൂളിലെ ശബളം വാങ്ങുന്ന 123 അധ്യാപകരും ജീവനക്കാരും 5 ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ഇതുമായി

ബന്ധപ്പെട്ട് സർക്കാരിൻ്റെ അപേക്ഷ വന്നപ്പോൾ മുഴുവൻ അധ്യാപകരും, ജീവനക്കാരും ഒരേ മനസ്സോടെയാണ് ഈ തീരുമാനം ഏറ്റെടുത്തത്. ഈ തുക ഏകദേശം 15 ലക്ഷത്തിന് മുകളിൽ വരും. അടുത്ത മാസത്തെ ശമ്പളത്തിൽ നിന്ന് ഈ തുക ഗവൺമെൻ്റ് പിടിക്കും. സ്കൂളിലെ നിരവധി വിദ്യാർത്ഥികൾ അവരുടെ പണക്കുടുക്ക പൊട്ടിച്ച് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ സ്കൂളിൽ എത്തിച്ചു. മുൻ ജീവനക്കാരനായ പി കെ അരവിന്ദാക്ഷൻ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി പത്തായിരം രൂപ കഴിഞ്ഞ ദിവസം പ്രിൻസിപ്പാൾ ബീനയെ ഏൽപ്പിച്ചു.. ഹയർസെക്കണ്ടറി എൻഎസ്എസ് യൂണിറ്റ് തേങ്ങചാലഞ്ചിലൂടെ പച്ചത്തേങ്ങ സംഭരിച്ച് വിറ്റ് കിട്ടിയ 25000 രൂപ കഴിഞ്ഞ ദിവസം കോഴിക്കോട് ആർഡിഡി

സന്തോഷ് കുമാർ സാറിന് പ്രിൻസിപ്പാൾ ബീന കൈമാറിയിരുന്നു. കഴിഞ്ഞ പ്രളയ കാലങ്ങളിലും, കോവിഡ് കാലത്തും ഒക്കെ സർക്കാരിന് സഹായകരമായ വിധത്തിൽ മാതൃകാപരമായ പ്രവർത്തികൾ നടത്തിയ വിദ്യാലയമാണ് മേമുണ്ട സ്കൂൾ. സ്കൂളിലെ അധ്യാപികയായ ഒ കെ ജിഷ കഴിഞ്ഞ പ്രളയ കാലം തൊട്ട് എല്ലാ മാസവും 1000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി വരുന്നുണ്ട്. വിദ്യാർഥികളും, രക്ഷിതാക്കളും മാത്രം ചേർന്ന് ശേഖരിച്ച 526203 രൂപ കഴിഞ്ഞ ദിവസം കോഴിക്കോട് വച്ച് സ്കൂൾ അധികൃതർ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്ക് കൈമാറി. മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ, കോഴിക്കോട് എം പി എം കെ രാഘവൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ പി ടി എ പ്രസിഡണ്ട് ഡോ: എം വി തോമസ്, പ്രിൻസിപ്പാൾ ബി ബീന, ഹെഡ്മാസ്റ്റർ പി കെ ജിതേഷ് എന്നിവർ ചേർന്നാണ് മന്ത്രിക്ക് ചെക്ക് കൈമാറിയത്