കോഴിക്കോട്: ജൂലൈ 30ന് പുലര്‍ച്ചെ വിലങ്ങാട് ഉണ്ടായ ഉരുള്‍പൊട്ടലില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് രേഖകള്‍ പുനഃസൃഷ്ടിച്ചു നല്‍കാനുള്ള പ്രത്യേക അദാലത്ത് ഓഗസ്റ്റ് 16ന് വിലങ്ങാട് സെന്റ് ജോര്‍ജ് ഹൈസ്കൂളില്‍ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തില്‍ വിവിധ വകുപ്പുകളുടെ 12 ലേറെ കൗണ്ടറുകള്‍ ഉണ്ടാകും. റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, ആധാര്‍ കാര്‍ഡ്, ആര്‍സി ബുക്ക്, യുഐഡി, ബാങ്ക് പാസ് ബുക്ക്, ഭൂ രേഖകള്‍, ജനന/മരണ/വിവാഹ സര്‍ട്ടിഫിക്കറ്റ്, മറ്റ് റവന്യു രേഖകള്‍, കൃഷി സംബന്ധമായ രേഖകള്‍, പട്ടികവര്‍ഗ്ഗ വകുപ്പുമായി ബന്ധപ്പെട്ട രേഖകള്‍, സഹകരണ ബാങ്ക് എന്നിവയ്ക്കാണ് പ്രത്യേക കൗണ്ടറുകള്‍ ഉണ്ടാവുക.
പ്രത്യേക അദാലത്ത് വിലങ്ങാട്ടെ ഉരുള്‍പൊട്ടലില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി മാത്രമാണെന്നും അല്ലാത്ത ഒരു അപേക്ഷയും സ്വീകരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. അദാലത്തില്‍ തന്നെ കഴിയുന്നത്ര രേഖകള്‍ പുനഃസൃഷ്ടിച്ചു നല്‍കാനാണ് ശ്രമം.
അദാലത്തില്‍ വരുന്നവര്‍ അവരുടെ നഷ്ടമായ രേഖകളുടെ പകര്‍പ്പ് കൈവശമുണ്ടെങ്കില്‍ അതോ അല്ലെങ്കില്‍ നഷ്ടപ്പെട്ട രേഖകളുടെ നമ്പറോ (ആധാര്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് മുതലായവ) മറ്റ് എന്തെങ്കിലും സൂചനാ നമ്പറുകളോ ഉണ്ടെങ്കില്‍ അവയും കരുതണമെന്ന് അധികൃതര്‍ അറിയിച്ചു.
ഒന്നാം കൗണ്ടറിലെ രജിസ്ട്രേഷന് ശേഷം ആവശ്യക്കാരന് നഷ്ടമായ രേഖകള്‍ ഏതാണോ അതനുസരിച്ചുള്ള അതാത് കൗണ്ടറിലേക്ക് തിരിച്ചു വിടും.
റവന്യു, സിവില്‍ സപ്ലൈസ്, ഇലക്ഷന്, ഐടി മിഷന്, മോട്ടോര്‍ വാഹനം, സാമൂഹ്യനീതി, തദ്ദേശസ്വയംഭരണം, കൃഷി, രജിസ്ട്രേഷന്, വിദ്യാഭ്യാസം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ക്യാമ്പില്‍ ഉണ്ടാവും. ഇതിനുപുറമേ ലീഡ് ബാങ്കിന്റെയും സഹകരണ ബാങ്കിന്റെയും പ്രതിനിധികളും ഉണ്ടാകും.
പ്രത്യേക അദാലത്തിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍
യോഗം ചേര്‍ന്നു. അസി. കലക്ടര്‍ ആയുഷ് ഗോയല്‍, വടകര ആര്‍ഡിഒ പി.അന്‍വര്‍ സാദത്ത്, ഡെപ്യൂട്ടി കളക്ടര്‍ (ദുരന്തനിവാരണം) എസ്.സജീദ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.