കോഴിക്കോട്: വിദ്യാഭ്യാസ വകുപ്പും പ്രൊഫ. ശോഭീന്ദ്രന് ഫൗണ്ടേഷനും ചേര്‍ന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്മെന്റിന്റെ സാങ്കേതിക സഹായത്തോടെ നടപ്പിലാക്കുന്ന ‘ഹരിത ഭവനം’ പദ്ധതിയില്‍ ആയിരം ഭവനങ്ങള്‍ പൂര്‍ത്തിയായി. മാലിന്യ സംസ്കരണം, ഊര്‍ജ സംരക്ഷണം, ജലസംരക്ഷണം, ഭക്ഷ്യ സുരക്ഷ എന്നീ മേഖലകളില്‍ സ്വയം പര്യാപ്തമായ യൂണിറ്റുകള്‍ ആക്കി വീടുകളെ മാറ്റുന്ന പദ്ധതിയാണിത്. ഇവയില്‍ ആയിരം ഹരിത ഭവനങ്ങള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം ഓഗസ്റ്റ് 14 ബുധനാഴ്ച രാവിലെ 9.30ന് കോഴിക്കോട് സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍

കലക്ടര്‍ സ്നഹില്‍ കുമാര്‍ സിംഗ് നിര്‍വഹിക്കും. ഡിഡിഇ മനോജ് മണിയൂര്‍ അധ്യക്ഷനാവും. ഏറ്റവും കൂടുതല്‍ ഹരിത ഭവനങ്ങള്‍ സൃഷ്ടിച്ച് ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ സ്കൂളുകളെ ചടങ്ങില്‍ ആദരിക്കും. തുടര്‍ പദ്ധതി എന്ന നിലയില്‍ റവന്യു ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും വീടുകള്‍ ഹരിതഭവനങ്ങളും വിദ്യാലയങ്ങള്‍ ഹരിത വിദ്യാലയങ്ങളും ആക്കി മാറ്റും. ഇതിന്റെ ഭാഗമായി വീടുകളില്‍ മൂന്ന് പെട്ടികള്‍ വെക്കും. ആദ്യത്തേതില്‍ പ്ലാസ്റ്റിക്, രണ്ടാമത്തേതില്‍ ബാഗ്, ചെരിപ്പ്, തെര്‍മോകോള്‍, റെക്സിന്, മൂന്നാമത്തേതില്‍ ചില്ല് എന്നിവ കഴുകി ഉണക്കി ശേഖരിക്കും. ഇവ നിശ്ചിത ഇടവേളകളില്‍ ഹരിത കര്‍മ സേനയ്ക്ക് കൈമാറും. പെട്ടികള്‍ വെച്ചതിന്റെ

ഫോട്ടോയും ഹരിത കര്‍മ സേനയ്ക്ക് മാലിന്യം കൈമാറിയതിന്റെ റസീറ്റ് സ്കാന്‍ ചെയ്തതും ഹരിത ഭവനത്തിനായി രൂപീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യണം. ഇങ്ങനെ ചെയ്യുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നുണ്ട്. ഇതോടൊപ്പം ഊര്‍ജ സംരക്ഷണത്തിന് ഒരു സ്വിച്ച് പോലും അനാവശ്യമായി ഓണ്‍ ചെയ്തു വെക്കുന്നില്ല എന്ന് ഉറപ്പുവരുത്തും. ഊര്‍ജ ക്ഷമതയുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കും. ജലസംരക്ഷണത്തിനായി ഒരു തുള്ളി വെള്ളം പോലും പാഴാക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തും. ഭക്ഷ്യ സുരക്ഷയ്ക്കായി വീട്ടുവളപ്പില്‍ കഴിയുന്നത്ര കൃഷി ചെയ്യും. വീട്ടിലുണ്ടാകുന്ന ജൈവ അവശിഷ്ടങ്ങള്‍ കൃഷിക്ക് വളമായി ഉപയോഗിക്കും.വിദ്യാര്‍ഥികള്‍ പങ്കുവെച്ച ഫോട്ടോകളും റസിറ്റുകളും ഒരു വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത് സര്‍ക്കാറിന് സമര്‍പ്പിക്കാനാണ് സംഘാടകര്‍ ആലോചിക്കുന്നതെന്ന് പ്രൊഫ. ശോഭീന്ദ്രന് ഫൗണ്ടേഷന് പ്രസിഡന്റ് വടയക്കണ്ടി നാരായണന് അറിയിച്ചു.