മലോല്‍ മുക്ക്: ചോറോട് പഞ്ചായത്തിലെ രാമത്ത് കാവ് പരിസരത്ത് കാട്ടുപന്നി ശല്യം വ്യാപകം. പടിഞ്ഞാറെ കുന്നിക്കാവ് പറമ്പിലെ വാഴകള്‍ നശിപ്പിച്ചു. ചുറ്റും വേലി കെട്ടിയിട്ടുണ്ടെങ്കിലും ഇവ തകര്‍ത്താണ് പന്നികള്‍ എത്തുന്നത്. ഗ്രാമശ്രീയിലെ അഞ്ചു പേര് ചേര്‍ന്ന കൂട്ടായ്മ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ജൈവരീതിയില്‍ നടത്തുന്ന കൃഷിക്കാണ് കാട്ടുപന്നികളും മറ്റും വില്ലനായിരിക്കുന്നത്. രാത്രികാലങ്ങളില്‍ എത്തുന്ന പന്നികള്‍ വാഴകള്‍ തകര്‍ത്ത് തടയും കൂമ്പുമടക്കം നശിപ്പിക്കുകയാണ്. എന്‍.കെ.അജിത് കുമാറിന്റെ നേതൃത്വത്തില്‍ മലയില്‍ സുരേഷ്, ടി. മുരളി, ടി.കെ. മോഹനന്, പ്രസാദ് വിലങ്ങില്‍ എന്നിവര്‍ ചേര്‍ന്നാണ് കൂട്ടുകൃഷി നടത്തുന്നത്. കാട്ടുപന്നികള്‍ക്കു പുറമെ മുള്ളന്‍ പന്നികളും ഉടുമ്പും കൃഷി നശിപ്പിക്കുന്നുണ്ട്. ഇവയുടെ
ആക്രമണങ്ങളില്‍ നിന്നു കൃഷിയെ രക്ഷിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നും കൃഷി നഷ്ടപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.