കോഴിക്കോട്: വിലങ്ങാട് ഉണ്ടായ ഉരുള്‍പൊട്ടലില്‍ സര്‍ട്ടിഫിക്കറ്റുകള്‍ അടക്കമുള്ള രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി പ്രത്യേക അദാലത്ത് ആഗസ്റ്റ് 16ന് വിലങ്ങാട് സെന്റ് ജോര്‍ജ് ഹൈസ്കൂളില്‍ സംഘടിപ്പിക്കാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ജില്ലാ ഐടി മിഷന് ആണ് അദാലത്തിന് നേതൃത്വം നല്‍കുക. എല്ലാ വകുപ്പുകളും പങ്കെടുക്കുന്ന അദാലത്തില്‍ നഷ്ടപ്പെട്ട രേഖകള്‍ക്ക്
പകരം രേഖകള്‍ നല്കാന് സംവിധാനമുണ്ടാക്കും. ഉരുള്‍പൊട്ടലില്‍ വിവിധ മേഖലകളില്‍ സംഭവിച്ച നാശനഷ്ടങ്ങളുടെ വിശദ റിപ്പോര്‍ട്ട് എല്ലാ വകുപ്പുകളും
ജില്ലാ കലക്ടര്‍ക്ക് കൈമാറും. ഇതിനുപുറമേ വിലങ്ങാടിന്റെ സമീപ പഞ്ചായത്തുകളിലും ഉരുള്‍പൊട്ടല്‍ മൂലം സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്കെടുക്കും.
ഒഴുകിപ്പോയ വീടുകള്‍, പൂര്‍ണ്ണമായും തകര്‍ന്ന വീടുകള്‍, ഭാഗികമായി തകര്‍ന്നവ, വാസയോഗ്യമല്ലാത്തവ, തകര്‍ന്ന റോഡുകള്‍, പാലങ്ങള്‍, കള്‍വെര്‍ട്ടുകള്‍, കെട്ടിടങ്ങള്‍, കൃഷി നാശം, തകര്‍ന്ന ട്രാന്‍സ്ഫോമറുകള്‍, വൈദ്യുതി പോസ്റ്റുകള്‍, വൈദ്യുതി ലൈനുകള്‍, കുടിവെള്ളവിതരണ പൈപ്പുകള്‍, ആദിവാസികളുടെ സഹകരണ സൊസൈറ്റി അടക്കമുള്ള ഉപജീവനമാര്‍ഗങ്ങള്‍, മൃഗങ്ങളുടെ നാശം, റേഷന്‍ കടകള്‍, റേഷന്‍ കടകളില്‍ സൂക്ഷിച്ച ഭക്ഷ്യധാന്യങ്ങള്‍ എന്നിവയുടെയെല്ലാം നഷ്ടത്തിന്റെ വിശദമായ കണക്കെടുക്കും.
ജില്ലാ പഞ്ചായത്തിന്റേത് ഉള്‍പ്പെടെ വിലങ്ങാട് ദുരിതബാധിതര്‍ക്ക് പുതിയ വീടുകള്‍ നിര്‍മ്മിക്കാന്‍ വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. വീടുകള്‍ നിര്‍മിക്കാനുള്ള ഭൂമി കണ്ടെത്താന്‍ പരിശോധന നടത്തേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി.
വിലങ്ങാട് വില്ലേജിലെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലും പോയി കൗണ്‍സിലിംഗ് നടത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന് പുറമെ, വടകര ആര്‍ഡിഒ
പി അന്‍വര്‍ സാദത്ത്, ഡെപ്യൂട്ടി കലക്ടര്‍ (ദുരന്തനിവാരണം) എസ് സജീദ്, വടകര തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസ് എം ടി, വാണിമേല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിനോദന്‍ കെ കെ, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.