
ന്യൂഡൽഹി: ടി20 ലോകകപ്പ് ഫൈനലിൽ ചരിത്ര വിജയം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭ പ്രതിപക്ഷ നേ
താവ് രാഹുൽ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത്.
മൂന്ന് തവണ കിരീടം നേടുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും തുടർച്ചയായി രണ്ട് തവണ ചാമ്പ്യന്മാരാകുന്ന ഏക ടീമെന്ന പദവിയും ഇന്ത്യയ്ക്ക് അഭിമാനകരമാണെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ യുവാക്കളുടെ പ്രതിഭയുടെ അടയാളമാണ് ഈ വിജയമെന്നും ടീമിലെ ഓരോ കളിക്കാരും അഭിനന്ദനം അർഹിക്കുന്നുവെന്നും ദ്രൗപതി മുർമു വ്യക്തമാക്കി.
ഇന്ത്യൻ ടീമിന്റെ അസാമാന്യമായ കഴിവും നിശ്ചയദാർഢ്യവും ഒത്തൊരുമയുമാണ് ഈ വിജ
യത്തിന് പിന്നിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ടൂർണമെന്റിലുടനീളം ടീം പ്രകടിപ്പിച്ച പോരാട്ടവീര്യം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ അഭിമാനവും സന്തോഷവും നിറച്ചുവെന്ന് മോദി എക്സിൽ കുറിച്ചു.
ഇന്ത്യൻ മണ്ണിൽ തന്നെ കിരീടം നിലനിർത്താൻ സാധിച്ചത് മറക്കാനാവാത്ത നിമിഷമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു സാംസണെയും ടൂർണമെന്റിലുടനീളം തിളങ്ങിയ ജസ്പ്രീത് ബുംറയെയും രാഹുൽ പ്രത്യേകം അഭിനന്ദിച്ചു. നീലപ്പടയുടെ ഈ ഉജ്വല വിജയം രാജ്യത്തിന് വലിയ ആഘോഷത്തിനുള്ള അവസരമാണ്
നൽകിയിരിക്കുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
ഇന്ത്യന്‍ ടീമിന്റെ വിജയത്തിന് പിന്നാലെ മലയാളിയായ സഞ്ജു സാംസണിനെയും ഇന്ത്യന്‍ ടീമിനെയും മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദിച്ചു. ലോകകപ്പ് വിജയത്തില്‍ സഞ്ജു സാംസണ് കാഴ്ചവെച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ച് ആവേശകരമാണെന്നും സഞ്ജുവിന് ടീമിന്റെ നട്ടെല്ലായി മാറാന്‍ സാധിച്ചുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. പ്രതിഭയും കഠിനാധ്വാനവും ഒത്തുചേര്‍ന്നാല്‍ ഏത് വലിയ ലക്ഷ്യവും കീഴടക്കാമെന്ന് സഞ്ജു ലോകത്തിന് കാണിച്ചുതന്നുവെന്നും മുഖ്യമന്ത്രി കുറിപ്പില്‍ പറയുന്നു.
















