കോഴിക്കോട്: മണിയൂര്‍ പോക്സോ കേസിൽ പോലീസുകാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. പയ്യോളി സിഐ ബാബുമോൻ, സിപിഒ അബ്ദുൾ ഹമീദ് എന്നിവരെയാണ്
സസ്പെൻഡ് ചെയ്തത്. പ്രതി അബ്ദുല്‍ റഫീഖിനെ അറസ്റ്റ് ചെയ്യാത്തതിലും പ്രതിക്ക് ജാമ്യം ലഭിച്ചതിലും പോലീസിന് വീഴ്ച ഉണ്ടായെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. പ്രതിക്ക് ജാമ്യം ലഭിച്ചതിൽ പെണ്‍കുട്ടിയുടെ കുടുംബവും നാട്ടുകാരും പ്രതിയുടെ വീടിന് മുന്നിലും പയ്യോളി പോലീസ് സ്റ്റേഷനിലും പ്രതിഷേധിച്ചിരുന്നു.
10 മാസം മുമ്പാണ് അബ്ദുല്‍ റഫീഖിനെതിരെ പോക്സോ കേസെടുത്ത് പയ്യോളി പോലീസ് അന്വേഷണം ആരംഭിച്ചത്. കുട്ടിയുടെ അമ്മയുടെ സുഹൃത്തായ ഇയാള്‍ പെണ്‍കുട്ടിയെ വീട്ടില്‍വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തിയും മര്‍ദിച്ചും രണ്ടുവര്‍ഷത്തോളം കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
പത്തു മാസം മുമ്പ് സ്കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് 13കാരി താന്‍ നേരിട്ട
പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. കഴിഞ്ഞ ജനുവരിയില്‍ വടകര ബാങ്ക്റോഡ് സ്വദേശി റഫീഖ്, കുട്ടിയുടെ മാതാവ് എന്നിവരെ പ്രതിചേര്‍ത്ത് പയ്യോളി പൊലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ പൊലിസ് പിടികൂടും മുമ്പ് പതി റഫീഖ് വിദേശത്തേക്ക് കടന്നു. കുട്ടിയുടെ മാതാവിനെ അറസ്റ്റ് ചെയ്ത പൊലിസ് റഫീഖിനായി ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കി.
ഇതിനിടെ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത് അറിഞ്ഞ പ്രതി കഴിഞ്ഞ മാസം അവസാനം നാട്ടിലെത്തി ജാമ്യമെടുക്കുകയായിരുന്നു. ഈ നടപടി നാട്ടുകാരെ പ്രകോപിപ്പിച്ചിരുന്നു. പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധവുമുണ്ടായി. കഴിഞ്ഞ ദിവസവും ഈ സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
















