രണ്ടു മാസത്തെ അവധിക്കാലത്തിന് രണ്ട് ദിവസം കൊണ്ട് തിരശ്ശീല വീഴും. അക്ഷര വെളിച്ചം തേടി എത്തുന്ന കുട്ടികളെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങള്‍ ഒരുങ്ങി. വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന വിവിധ പരിപാടികളുമായി അധ്യാപകര്‍ രംഗത്തുണ്ട്. കുട്ടികളുടെ ഭാവിക്ക് ഊര്‍ജം പകരാന്‍ പരിശീലനം പൂര്‍ത്തിയാക്കിയാണ് അധ്യാപകര്‍ റെഡിയായിരിക്കുന്നത്.
ജൂണ്‍ രണ്ടിന് സ്‌കൂളില്‍ കാലുകുത്തുന്ന നവാഗതരെ വിവിധ കലാരൂപങ്ങളുടെ അകമ്പടിയില്‍ പൂക്കളും മധുര പലഹാരങ്ങളും മറ്റും നല്‍കി അധ്യാപകരും പി.ടി.എ. അംഗങ്ങളും രക്ഷിതാക്കളും ചേര്‍ന്ന് സ്വീകരിക്കും. ജനപ്രതിനിധികളും സാംസ്‌കാരിക പ്രവര്‍ത്തകരും പ്രവേശനോത്സവത്തിനെത്തും. ജൂണ്‍ മൂന്ന് മുതല്‍ 13 വരെ പഠനത്തോടപ്പം നടത്തേണ്ട പ്രത്യേക ബോധവല്‍ക്കരണ ക്ലാസുകളുടെ നിര്‍ദ്ദേശങ്ങളും വന്നു കഴിഞ്ഞു.
ഇത്തവണത്തെ പ്രവേശനോത്സവത്തിന് മറ്റൊരു പ്രത്യേകതയുമുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥിനി എഴുതിയ ഗാനമാണ് പ്രവേശനോത്സവത്തിനു കേരളത്തിലെങ്ങുമുള്ള സ്‌കൂളുകളില്‍ മുഴങ്ങുക.
‘മഴ മേഘങ്ങള്‍ പന്തലൊരുക്കിയ
പുതുവര്‍ഷത്തിന്‍ പൂന്തോപ്പില്‍
കളിമേളങ്ങള്‍ വര്‍ണം വിതറിയൊ
രവധിക്കാലം മായുന്നു………’
എന്ന കൊല്ലം കൊട്ടാരക്കര താമരക്കുടി എസ്‌വിവിഎച്ച്എസ്എസ് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഭദ്രാഹരി
എഴുതിയ പ്രവേശന ഗാനം.
ഇ.ആനന്ദന്‍