വടകര: വടകര ലോക്സഭാ മണ്ഡലത്തിലെ നാദാപുരം അസംബ്ലി മണ്ഡലത്തില്‍ ബിജെപി യുഡിഎഫിനു വോട്ട് മറിച്ചെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ബിജെപി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബിജെപിയുമായി ഒരു ബന്ധവുമില്ലാത്ത വ്യക്തിയെ കൊണ്ട് ആസൂത്രിതമായി പറയിപ്പിച്ച് വ്യാജ വീഡിയോ ഇറക്കിയതാണെന്നും ഇതിനു പിന്നില്‍ സിപിഎമ്മാണെന്നും നേതാക്കള്‍ പറഞ്ഞു.
ഒരു ബൂത്തില്‍ നിന്ന് മുപ്പത് വോട്ടുകള്‍ യുഡിഎഫിന് മറിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടെന്നാണ് നാദാപുരത്തെ ബിജെപി പ്രവര്ത്തകന് ഭാസ്കരന് വീഡിയോയില്‍ പറയുന്നത്. പരാജയഭീതി പൂണ്ട സിപിഎം വ്യാജ വീഡിയോ നിര്‍മിച്ചതാണെന്നും വിഷു ദിനത്തില്‍ തയ്യാറാക്കിയ ഇത് പോളിംഗ് ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നുവെന്നും നേതാക്കള്‍ വടകരയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഭാസ്കരനു ബിജെപിയുമായി ഒരു ബന്ധവുമില്ലെന്നും ഇത്തരം ഹീനകൃത്യം ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഭാസ്കരന് തന്റെ വീഡിയോയില്‍ പരാമര്‍ശിച്ച ബിജെപി നേതാക്കള്‍ അന്വേഷണം ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയതായും ഇവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എം.ടി.ഗോപിനാഥ്, നരിപ്പറ്റ മണ്ഡലം പ്രസിഡന്റ് കെ.പി.സുനില്‍കുമാര്‍, സെക്രട്ടറി പി.വി.വിജീഷ്, വടകര മണ്ഡലം പ്രസിഡന്റ് പി.പി.വ്യാസന്, സെക്രട്ടറി വിനീഷ് എന്നിവര്‍ പങ്കെടുത്തു.