
തിരുവമ്പാടി: അഗസ്ത്യന്മുഴി പാലത്തിന് സമീപം തൊണ്ടിമ്മല്‍ ഗ്രൗണ്ടിനടുത്ത് പൊതുസ്ഥലത്ത് കുടുംബത്തെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്
അറസ്റ്റില്‍. യുവതിയുടെ പരാതിയില്‍ തിരുവമ്പാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മുക്കം മണാശ്ശേരി കുറുഞ്ചാലില് സുജീഷ് കെ. (42), നീലേശരം, കല്ലുരുട്ടി തോട്ടത്തില്‍ കടവ് തടായില്‍ മുഹമ്മദ് ബഷീര്‍ (40), തൃക്കളയൂര്‍ മലയില്‍ ശാമില്‍ ഷാനു (29) എന്നിവരാണ് അറസ്റ്റിലായത്.
സെപ്റ്റംബര്‍ മൂന്നിന്
വൈകിട്ട് 6.45ഓടെയാണ് സംഭവം. യുവതിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിനെയും മകനെയും പ്രതികള്‍ പൊതുസ്ഥലത്ത് തടഞ്ഞുനിര്‍ത്തി ആക്രമിച്ചെന്നാണ് കേസ്.
പ്രതികളിലൊരാളായ സുജീഷ് വടികൊണ്ട് യുവതിയുടെ ഭര്‍ത്താവിനെ ആക്രമിച്ചതിനെ തുടര്‍ന്ന് കൈക്ക് പൊട്ടലുള്പ്പെടെയുള്ള ഗുരുതര പരിക്കേറ്റു. യുവതിയുടെ മകന്റെ കാലിലും വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതായും പോലീസ് പറയുന്നു. മറ്റൊരു പ്രതിയായ
മുഹമ്മദ് ബഷീര്‍ യുവതിയുടെ മകന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞുതകര്ത്തതിലൂടെ ഏകദേശം 20,000 രൂപയുടെ നഷ്ടം സംഭവിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
തിരുവമ്പാടി എസ്എച്ച്ഒ രമ്യ ഇ.കെ.യുടെ മേല്‍നോട്ടത്തില്‍ എസ്ഐ ജയ്സണ്‍, എഎസ്ഐമാരായ ജദീര്‍, സുനില്‍കുമാര്‍, എസ്.സി.പിഒ സുഭാഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
















