തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ നിന്നു പുക ഉയർന്ന സംഭവത്തിൽ സമഗ്ര അന്വേഷണം
വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഭവം അതീവ ഗൗരവമുള്ളതാണെന്നും ഞെട്ടിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

അപകടമുണ്ടായ ശേഷം അത്യാഹിത വിഭാഗത്തിലുള്ള രോഗികളെ മാറ്റുന്നതിലും കാലതാമസമുണ്ടായതായി ആക്ഷേപമുണ്ട്. അതേക്കുറിച്ചും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അഞ്ച് പേര്‍ മരിച്ചത് സംബന്ധിച്ച് അവ്യക്തതയും ദുരൂഹതയും നിലനില്‍ക്കുകയാണ്. ഇതില്‍ വ്യക്തതയുണ്ടാകണം. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
തീപിടിത്തം ഉണ്ടായപ്പോൾ ചില രോഗികളെ സമീപത്തുള്ള
സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. ഇവിടങ്ങളിലെ ഭീമമായ ചികിത്സാ ചിലവ് താങ്ങാൻ സാധിക്കുന്നില്ല എന്ന പരാതി ഇവർക്കുണ്ട്. ഈ പ്രശ്നത്തിൽ സർക്കാർ ഇടപെടണമെന്നും ചികിത്സാ ചിലവ് പൂര്‍ണമായും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിൽ ഫയർ ആൻഡ് സേഫ്റ്റി വിഭാഗം ഇല്ലാത്ത അത്ഭുതകരമെന്നും ഇതിനെക്കുറിച്ചും അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

