വടകര: 21 മുതല്‍ ഒരാഴ്ച ഓര്‍ക്കാട്ടേരിയിലെ ചന്ത മൈതാനം അഖിലേന്ത്യാവോളിയുടെ ആരവത്തില്‍ മുങ്ങും.
ആറായിരം പേര്‍ക്കിരിക്കാവുന്ന ഗ്യാലറിയും 1500 പേരുടെ ഇരിപ്പിടവും നിറയാന്‍ രണ്ട് ദിവസം മാത്രം. ഒപ്പരം ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ പുരുഷ- വനിത വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കം പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദേശീയ അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന കളിക്കാര്‍ ഉള്‍പ്പെടെ ആറു വീതം പുരുഷ-വനിതാ ടീമുകള്‍ മാറ്റുരക്കും. ലീഗ് അടിസ്ഥാനത്തില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്‍കം ടാക്‌സ് ചെന്നൈയുടെയും അസംപ്ഷന്‍ കോളജ് ചങ്ങനാശ്ശേരിയുടെയും വനിതാ താരങ്ങള്‍ മാറ്റുരക്കും. തുടര്‍ന്ന് പുരുഷ ടീമുകളുടെ മത്സരവും നടക്കും. പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ റെയില്‍വേ, ഇന്ത്യന്‍ നേവി, കേരള പോലീസ്, ബിപിസിഎല്‍, ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, കെഎസ്ഇബി, ഇന്ത്യന്‍ കസ്റ്റംസ് എന്നീ ടീമുകളും വനിതാ വിഭാഗത്തില്‍ കെഎസ്ഇബി, കേരള പോലീസ്, മഹാരാഷ്ട്രാ ബേങ്ക് സിആര്‍പിഎഫ് രാജസ്ഥാന്‍ എന്നീ ടീമുകളും മത്സരിക്കും. ചന്ത മൈതാനിയില്‍ പ്രത്യേകം സജ്ജമാക്കിയ കസ്തൂരി കാട്ടില്‍ കുഞ്ഞമ്മദ് ഹാജി ഫ്‌ലഡ് ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം 21ന് വൈകുന്നേരം 7 മണിക്ക് കായിക മന്ത്രി വി.അബ്ദു റഹ്‌മാന്‍
നിര്‍വഹിക്കും.
2023ല്‍ നടന്ന അഖിലകേരള വോളിബോള്‍ ടൂര്‍ണമെന്റിന്റെ തുടര്‍ച്ചയെന്നോണമാണ് ഈ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ഒപ്പരം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ആരംഭിക്കാന്‍ പോകുന്ന ആരോഗ്യ കേന്ദ്രത്തിന്റെ ധനശേഖരണാര്‍ഥമാണ് വോളിബോള്‍ മത്സരം. വടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ നാലു പഞ്ചായത്തുകളിലെ ഡയാലിസിസ് രോഗികള്‍ക്ക് സാന്ത്വനമേകുന്ന ഡയാലിസിസ് കേന്ദ്രമാണ് ലക്ഷ്യമിടുന്നത്. കൂടാതെ പുതു തലമുറയില്‍ വോളിബോളിന്റെ വികാസത്തിനും വളര്‍ച്ചക്കും ട്രസ്റ്റ് വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വോളിബോള്‍ ടൂര്‍ണമെന്റിന്റെ സീസണ്‍ ടിക്കറ്റ് നിരക്ക് ഗ്യാലറി 700 രൂപയും ഡെയിലി ടിക്കറ്റ് വില 150 രൂപയുമാണ്. സീസണ്‍ ചെയര്‍ ടിക്കറ്റ് 1000 രൂപ.
വാര്‍ത്താസമ്മേളനത്തില്‍ ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി, കണ്‍വീനര്‍ ടി.പി.ബിനീഷ്, ട്രഷറര്‍ എന്‍.ബാലകൃഷ്ണന്‍, ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ ഞേറലാട്ട് രവീന്ദ്രന്‍, ടീം കോര്‍ഡിനേറ്റര്‍ വി.എം.ഷീജിത്ത്, മൂസ നാസര്‍, പി.രാജന്‍ എന്നിവര്‍ പങ്കെടുത്തു.