വടകര: പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റെസ്റ്റ് ഹൗസുകള്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി ആവിഷ്‌കരിച്ച പീപ്പിള്‍സ് റസ്റ്റ് ഹൗസ് പദ്ധതി വന്‍വിജയം. പദ്ധതി വഴി
ജനങ്ങള്‍ക്ക് ചുരുങ്ങിയ നിരക്കില്‍ മെച്ചപ്പെട്ട സൗകര്യത്തോടും സുരക്ഷയോടും കൂടി കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ മുറികള്‍ ലഭ്യമാക്കാന്‍ സാധിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ റൂമുകള്‍ നേരിട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യവും ലഭ്യമായി. വടകര താലൂക്കില്‍ ഇത്തരത്തില്‍ ജനം ഏറെ ആശ്രയിക്കുന്ന താമസ കേന്ദ്രമായി വടകര റെസ്റ്റ് ഹൗസ് മാറി. ഈ പദ്ധതി ആരംഭിച്ചതിനുശേഷം വടകരയില്‍ 3526 ബുക്കിംഗുകള്‍ ഉണ്ടായി. ഇതുവഴി 2021 നവംബര്‍ 1 മുതല്‍ 2025 മാര്‍ച്ച് 31 വരെയായി വടകര റസ്റ്റ് ഹൗസില്‍ നിന്നു സര്‍ക്കാരിന് 23,70,128 രൂപ വരുമാനം ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചതായി കുറ്റ്യാടി എംഎല്‍എ കെ.പി കുഞ്ഞമ്മദ് കുട്ടി വെളിപ്പെടുത്തി.
വടകര റസ്റ്റ് ഹൗസില്‍ പൊതുജനങ്ങള്‍ക്ക് മികച്ച സൗകര്യം
ലഭ്യമാക്കേണ്ടതിലേക്കായി 16.8 ലക്ഷം രൂപയുടെ കോണ്‍ഫറന്‍സ് ഹാള്‍ പുനരുദ്ധാരണവും 15.1 ലക്ഷം രൂപയുടെ ടോയ്‌ലറ്റ് പുനരുദ്ധാരണവും പൂര്‍ത്തിയാക്കിയതായി മന്ത്രി അറിയിച്ചു. 20 ലക്ഷം രൂപയുടെ ഫ്‌ലോറിങ്ങ് പുനഃരുദ്ധാരണ പ്രവൃത്തി പുരോഗമിക്കുകയാണെന്നു മന്ത്രി തന്റെ ചോദ്യത്തിന് ഉത്തരമായി നിയമസഭയില്‍ വ്യക്തമാക്കിയതായി കെ.പി കുഞ്ഞമ്മദ്കുട്ടി അറിയിച്ചു. പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇല്ലാതിരുന്ന റസ്റ്റ് ഹൗസുകള്‍ ജനകീയമാക്കിയതിലൂടെ വിപ്ലവകരമായ മാറ്റമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നും കെ.പി കുഞ്ഞമ്മദ് കുട്ടി പറഞ്ഞു.

വടകര റസ്റ്റ് ഹൗസില്‍ പൊതുജനങ്ങള്‍ക്ക് മികച്ച സൗകര്യം

