
വടകര: മണിയൂര്‍ ഗ്രാമ പഞ്ചായത്തിലെ പാലയാട്, കരുവഞ്ചേരി, ചെല്ലട്ടുപൊയില്‍,
മീനത്തുകര പ്രദേശങ്ങളില്‍ ക്ഷേമപെന്‍ഷന്‍ വിതരണം താറുമാറായതായി പരാതി. ഒന്നാം ഓണം നാളായിട്ടും
പെന്‍ഷന്‍ വിതരണം നടന്നില്ലെന്ന് പാലയാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി.
മന്തരത്തൂര്‍ സഹകരണ ബാങ്കാണ് ഈ പ്രദേശങ്ങളില്‍ പെന്‍ഷന്‍ വിതരണം ചെയ്യേണ്ടത്.
കുറച്ചു വീടുകളില്‍ മാത്രം പെന്‍ഷന്‍ നല്‍കി ബാക്കി വീടുകളില്‍ പെന്‍ഷന്‍
എത്തിക്കുകയോ അതിനുവേണ്ട നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് പാലയാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് എം.കെ.ഹമീദ് അധ്യക്ഷത വഹിച്ചു. പ്രമോദ് മൂഴിക്കല്‍, ബാബു മുതുവീട്ടില്‍, കുനിയില്‍ ശ്രീധരന്‍, വി.കെ.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
വിതരണം താറുമാറായെന്ന ആക്ഷേപം വസ്തുതാ വിരുദ്ധം
അതേസമയം വിതരണം താറുമാറായെന്ന ആക്ഷേപം വസ്തുതാ വിരുദ്ധമാണെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ആറായിരത്തിലേറെ പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കേണ്ടിയിരുന്നത്. ഇന്ന് വൈകുന്നേരത്തോടെ വിതരണം പൂര്‍ത്തിയാകുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.















