കണ്ണൂര്‍: കണ്ണൂര്‍ ലോക്സഭ സീറ്റില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ നേരിടാന്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന് രംഗത്ത്. അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ധര്‍മടത്ത് പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു മമ്പറം ദിവാകരന്. 2021ല്‍ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെ കെ.സുധാകരനും മമ്പറം ദിവാകരനും കടുത്ത ശത്രുതയിലാണ്.
തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പാനലിനെതിരെ മത്സരിച്ചതിനെ തുടര്‍ന്നായിരുന്നു അച്ചടക്ക നടപടി. കണ്ണൂര്‍ ഡിസിസി അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരെ ബദല്‍ പാനലില്‍ മത്സരിക്കുകയാണ് അന്നത്തെ ചെയര്‍മാനായിരുന്ന മമ്പറം ദിവാകരന് ചെയ്തത്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനായിരുന്നു വിജയം.
കണ്ണൂര്‍ കോണ്‍ഗ്രസിലെ പ്രബല നേതാവായിരുന്ന മമ്പറം ദിവാകരന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ എതിര്പക്ഷക്കാരനായാണ് അറിയപ്പെടുന്നത്. മമ്പറം ദിവാകരനും കെ. സുധാകരനും പല തവണ പ്രസ്താവനകളിലൂടെ ഏറ്റുമുട്ടിയിട്ടുണ്ട്. കെപിസിസി അധ്യക്ഷ പദവി ഏറ്റെടുത്ത സമയത്ത്, മമ്പറം ദിവാകരന് കോണ്‍ഗ്രസിന് അകത്താണോ പുറത്താണോ എന്ന് തനിക്കറിയില്ലെന്ന സുധാകരന്റെ പ്രസ്താവന വിവാദമായിരുന്നു. സിപിഎമ്മിന്റെ എം.വി.ജയരാജനും ബിജെപിയുടെ സി.രഘുനാഥും കണ്ണൂരില്‍ സ്ഥാനാര്‍ഥികളായി രംഗത്തുണ്ട്. ഇവര്‍ക്കൊപ്പമാണ് കെ.സുധാകരന്റെയും മമ്പറം ദിവാകരന്റെയും വരവ്.