അരൂര്‍: തേനൂറുന്ന ഒളോര്‍ മാങ്ങയുടെ നാട്ടില്‍ പ്രതീക്ഷകള്‍ കരിയുന്ന കാഴ്ച. ഫെബ്രുവരിയില്‍ അരൂരിലെ ഒളോര്‍ മാവുകളില്‍ വ്യാപകമായി പൂവിരിഞ്ഞിരുന്നു. ഇതോടെ ഏവരും വലിയ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തി. നാല് മാസം കാത്തിരുന്നാല്‍ നല്ലൊരു വരുമാനമായിരുന്നു. പക്ഷെ പ്രകൃതി തുണച്ചില്ല. കാര്‍ മേഘമെത്തിയതോടെ നിരാശയിലായി ഇന്നാട്ടുകാര്‍. പൂക്കള്‍ ഓരോന്നായി കരിഞ്ഞു പോവുകയായിരുന്നു. അവശേഷിക്കുന്ന പൂക്കുലകളില്‍ വിരഞ്ഞ ഉണ്ണിമാങ്ങകള്‍ കഠിനമായ ചൂടില്‍ വാടി വീഴുകയുമാണിപ്പോള്‍.
ഓരോ മാവിന്‍ ചുവട്ടിലും വാടി വീണ ഉണ്ണിമാങ്ങകള്‍ കുന്നു കൂടികിടക്കുന്നു.
പല പ്രദേശത്ത് നിന്നും മാങ്ങാ കച്ചവടക്കാര്‍ സ്ഥിതി മനസിലാക്കാന്‍ നേരത്തെ അരൂരിലെത്തിയിരുന്നു. ഇത്തവണ നല്ല വിളവ് കിട്ടുമെന്നാായിരുന്നു കരുതിയത്. വിപണികളില്‍ ഏറെ ഡിമാന്റാണ് അരൂര്‍ ഒളോറിന്. മാവുകള്‍ പൂത്താല്‍ രണ്ട് മാസമാകുന്നതോടെ മാങ്ങാ വ്യാപാരികള്‍ അരൂരില്‍ നേരിട്ടെത്തി മൊത്തമായി കച്ചവടമുറപ്പിക്കാറുണ്ട്. നാട്ടിലെ കച്ചവടക്കാരും രംഗത്തുണ്ടാകും. കഴിഞ്ഞ കുറേ വര്‍ഷമായി വിദേശങ്ങളിലേക്കും മാങ്ങ കയറ്റി അയച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ വിളവ് കുറഞ്ഞതോടെ കയറ്റി അയക്കല്‍ നടന്നില്ല.
ഇത്തവണ സ്ഥിതി അനുകൂലമെന്നായിരുന്നു നാട്ടുകാര്‍ കരുതിയത്. ഈ വകയില്‍ നല്ലൊരു വരുമാനം പ്രതീക്ഷിച്ചിരുന്നതായി വര്‍ഷങ്ങളായി മാങ്ങാ കച്ചവടം നടത്തുന്ന കുനിയേല്‍ ഗോപാലന്‍ പറഞ്ഞു. പൂക്കുലകള്‍ കരിയുകയും മാങ്ങ വാടി വീഴാന്‍ തുടങ്ങുകയും ചെയ്തതോടെ നാടിന്റെ പ്രതീക്ഷയാണ് കൊഴിയുന്നത്.
-പി.കെ.രാധാകൃഷ്ണന്‍ അരൂര്‍