വടകര: കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ഇന്‍സ്പയര്‍-ഷീ
സ്‌കോളര്‍ഷിപ്പിന്റെ 2025 വര്‍ഷത്തെ വിജ്ഞാപനം അടിയന്തരമായി
പുറപ്പെടുവിക്കണമെന്നും അനിശ്ചിതത്വം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് വടകര എംപി ഷാഫി പറമ്പില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി (സ്വതന്ത്ര ചുമതല) ഡോ. ജിതേന്ദ്ര സിംഗിന് കത്തയച്ചു. അടിസ്ഥാന ശാസ്ത്ര വിഷയങ്ങളില്‍ ഉപരിപഠനം നടത്തുന്ന രാജ്യത്തെ പതിനായിരക്കണക്കിന് മിടുക്കരായ വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന നടപടിയില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് എംപി കത്തില്‍ ആവശ്യപ്പെട്ടു. പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടുന്ന ആദ്യ ഒരു ശതമാനം വിദ്യാര്‍ഥികള്‍ക്കും ഐഐടി, ഐസറുകള്‍ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലേക്ക് യോഗ്യത നേടുന്നവര്‍ക്കും പ്രതിവര്‍ഷം 80,000 രൂപ വീതം നല്‍കുന്ന പദ്ധതി യുപിഎ സര്‍കാര്‍ 2010ല്‍ നടപ്പിലാക്കിയതാണ്. എല്ലാ വര്‍ഷവും സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍
പുറത്തുവരാറുള്ള വിജ്ഞാപനം ഇത്തവണ വൈകുന്നതില്‍ വലിയ പ്രതിഷേധമുണ്ട്. 2025ലെ വിജ്ഞാപനം ഉണ്ടാകില്ലെന്ന തരത്തിലുള്ള ഔദ്യോഗിക മറുപടികള്‍ വ്യാപക ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. പദ്ധതി ‘വിജ്ഞാന്‍ ധാര’ എന്ന പേരില്‍ പുനഃസംഘടിപ്പിക്കുകയാണെന്ന വിവരം വരുന്നുണ്ടെങ്കിലും വ്യക്തമായ സമയക്രമം പ്രഖ്യാപിക്കാത്തത് കാരണം വിദ്യാര്‍ഥികള്‍ കടുത്ത പ്രതിസന്ധിയിലാണ്. ഇന്‍സ്പയര്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ മറ്റ് ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാതിരുന്ന വിദ്യാര്‍ഥികള്‍ക്ക് പഠന ചിലവുകളും ട്യൂഷന്‍ ഫീസും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
വിഷയം അടിയന്തരമായി പരിഗണിച്ച് 2025 വര്‍ഷത്തെ അപേക്ഷാ നടപടികള്‍ കാലതാമസമില്ലാതെ ആരംഭിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് എംപി കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു.















