കുളം ഉദ്ഘാടനത്തിന്റെ ശിലാഫലകം എംഎൽഎയെ അപമാനിക്കും വിധം തയ്യാറാക്കിയതിലെ രോഷവുമായി യുഡിഎഫ് -ആർഎംപിഐ നേതാക്കൾ രംഗത്ത്. വടകര നഗരസഭ തയ്യാറാക്കിയ ശിലാഫലകം മാറ്റം വരുത്താതെ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് നേതാക്കൾ നഗരസഭാ സെക്രട്ടറിയെ നേരിൽ കണ്ട് പ്രതിഷേധം അറിയിച്ചു.
പ്രോട്ടോക്കോൾ അനുസരിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്ത തദ്ദേശഭരണ മന്ത്രി എം.ബി.രാജേഷിന് തൊട്ടു താഴെയുള്ള എംഎൽഎയെ
കീഴ്‌വഴക്കങ്ങൾക്ക് വിരുദ്ധമായി ചെയർപേഴ്സനും താഴെയായി ശിലാഫലകത്തിൽ ചേർക്കുകയായിരുന്നു.
പരിപാടിയുടെ അധ്യക്ഷ കൂടിയായ സ്ഥലം എംഎൽഎ കെ.കെ.രമയോടുള്ള രാഷ്ട്രീയ വിരോധത്തെ തുടർന്നാണ് തരംതാണ രീതിയിലുള്ള നടപടികൾ സ്വീകരിക്കുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ഇത് വടകരക്ക് അപമാനകരമാണെന്നും നേതാക്കൾ പറഞ്ഞു.
തന്റെ അറിവോട്കൂടിയല്ല ശിലാഫലകം നിർമ്മിച്ചതെന്നും താൻ ഇങ്ങനെയൊരു നിർദ്ദേശം നൽകിയിട്ടില്ലെന്നും നഗരസഭ സെക്രട്ടറി പറഞ്ഞതായി നേതാക്കൾ അറിയിച്ചു. അതിനർഥം ചെയർപേഴ്സൺ തന്നെ തന്റെ പേര് എംഎൽഎക്കു മുകളിലായി എഴുതി ചേർക്കാൻ നിർവഹണ ഏജൻസിയായ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് നിർദ്ദേശം നൽകുകയായിരുന്നു എന്നാണ് മനസ്സിലാകുന്നത്
ഇതിലും വലിയ അല്പത്തരം മറ്റെന്താണ് ഉള്ളതെന്നും നേതാക്കൾ ചോദിച്ചു. എംഎൽഎയെ അപമാനിക്കും വിധം തയ്യാറാക്കിയ ശിലാഫലകം കീഴ് വഴക്കങ്ങൾക്കനുസരിച്ച് തിരുത്താതെ സ്ഥാപിക്കാൻ അനുവദിക്കില്ലെന്നും അതിനുള്ള ശ്രമം നടത്തിയാൽ ജനങ്ങളെ അണിനിരത്തി തടയുമെന്നും നേതാക്കൾ മുന്നറിയിപ്പു നൽകി.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സതീശൻ കുരിയാടി, യുഡിഎഫ് മുനിസിപ്പൽ ചെയർമാൻ പി.എസ്.രഞ്ജിത് കുമാർ, കൺവീനർ എം.ഫൈസൽ, ആർഎംപിഐ ഏരിയ ചെയർമാൻ എ.പി ഷാജിത്ത്, വി.കെ. പ്രേമൻ, നഗരസഭ അംഗങ്ങളായ വി.കെ.അസീസ്, ശ്രീജിന, ഹാഷിം, ഐഎൻടിയുസി നേതാവ് രഞ്ജിത്ത് കണ്ണോത്ത്, ഇ.കെ പ്രദീപ് കുമാർ, വത്സരാജ് എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.