തണ്ണീര്‍പന്തല്‍ റോഡില്‍ പൊടി ശല്യം രൂക്ഷമായി. റോഡിനായി പൊന്നും വിലക്കുള്ള പറമ്പ് സൗജന്യമായി വിട്ടു നല്‍കിയ ഉടമകള്‍ തന്നെ ദുരിതം പേറുകയാണിപ്പോള്‍. ഒമ്പത് മീറ്റര്‍ വീതിയിലാണ് വികസിപ്പിക്കുന്നത്. ഇതിനാവശ്യമായി സ്ഥലവും മതിലുകളുമാണ് വിട്ടു നല്‍കിയത്. മതിലുകള്‍ ഉടമകള്‍ സ്വന്തം ചെലവില്‍ കെട്ടുകയും വേണം.
എന്നാല്‍ ദിവസങ്ങളായി റോഡിനിരുവശമുള്ളവരും സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള കാല്‍ നടയാത്രക്കരും ദുരിതത്തിലാണ്. റോഡ് ഓരത്തെ പല വീടുകളും മണ്‍ പൊടിയിലമര്‍ന്നു കഴിഞ്ഞു. വസ്ത്രങ്ങള്‍ അലക്കിയിടാന്‍ പോലും കഴിയുന്നില്ല. പലരും ശ്വാസ കോശ സംബന്ധമായ രോഗികളായി മാറി.
ചെങ്ങണം കോട്ട് അംഗണവാടിയില്‍ കുട്ടികള്‍ വരാതായി. ചെറു വാഹനം പോകുമ്പോള്‍ പോലും മൂക്ക് പൊത്താതെ രക്ഷയില്ല. ചില ദിവസങ്ങളില്‍ അവിടവിടെയായി നനക്കുന്നുണ്ടെങ്കിലും പരിഹാരമാകുന്നില്ല. പൊടി ശല്യം ഒഴിവാക്കാന്‍ റോഡ് പൂര്‍ണ്ണമായി നനക്കണമെന്ന ആവശ്യം ആഴ്ചകളായി ഉയര്‍ത്തുന്നുണ്ടെങ്കിലും ആരും ചെവിക്കൊള്ളുന്നില്ല.
റോഡ് പൂര്‍ത്തീകരിക്കുമ്പോഴേക്കും ജനം രോഗികളാകുമെന്നതാണ് സ്ഥതി. അടിയന്തിരമായി റോഡ് നനക്കാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.