തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. വ്യാഴാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വിവിധ
ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ
അലർട്ടാണ്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു. വടക്ക്-പടിഞ്ഞാറൻ മധ്യപ്രദേശിനും അതിനോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറൻ ഉത്തർപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദമേഖലയും സ്ഥിതിചെയ്യുന്നു. ഇത് മഴ സാധ്യത വര്‍ധിപ്പിക്കുകയാണ്.
















