മോഹനൻ സെക്രട്ടറി സ്ഥാനത്ത് മൂന്ന് ടേം കാലാവധി പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന എം. മെഹബൂബിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നിലവിൽ കൺസ്യൂമർ ഫെഡ് ചെയർമാനാണ് എം. മെഹബൂബ്.
ജില്ലാ സെക്രട്ടേറിയറ്റ് മുന്നോട്ട് വച്ച പേര് ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ജില്ലയിലെ സിപിഎമ്മിന്റെ ന്യൂനപക്ഷ മുഖങ്ങളിൽ പ്രധാനിയാണ് എം.മെഹബൂബ്. യുവജന സംഘടനയിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച മെഹബൂബ് പിന്നീട് കോഴിക്കോട് സിപിഎമ്മിലെ പ്രധാനനേതാവായി മാറുകയായിരുന്നു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സിപിഎം ബാലുശ്ശേരി ഏരിയാ സെക്രട്ടറി എന്ന ചുമതലകൾ വഹിച്ചു. സഹകരണ മേഖലയിൽ വലിയ അനുഭവ സമ്പത്തുള്ള നേതാവ് കൂടിയാണ് എം. മെഹബൂബ്. അത്തോളി പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു.
നേരത്തെ സമ്മേളനം തുടങ്ങുന്നതിന് മുമ്പ് തന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് എം. മെഹബൂബിൻ്റെ പേര് ഉയർന്ന് കേട്ടിരുന്നു. എന്നാൽ കെ. കെ ദിനേശൻ്റെ പേര് കൂടി സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഒരുവിഭാഗം ഉയർത്തിയതോടെ സമാവായമെന്ന നിലയിൽ എം. ഗിരീഷിൻ്റെ പേരും ഉയർന്നിരുന്നു. വനിതാ സെക്രട്ടറിയെന്ന ചർച്ചയും ഉയന്നിരുന്നു. പി. സതീദേവിയുടെയും കെ.കെ ലതികയുടെയും പേരുകളാണ് പരിഗണിക്കപ്പെട്ടത്. എന്നാൽ എം.മെഹബൂബ് തന്നെ സെക്രട്ടറിയായി വരട്ടെയെന്നായിരുന്നു പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ കമ്മിറ്റിയുടെ തീരുമാനം.
439 പ്രതിനിധികളും ജില്ലാ, സംസ്ഥാന, കേന്ദ്ര കമ്മിറ്റി അംഗങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ എ. വിജയരാഘവൻ എന്നീ പി ബി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനത്തിൽ മുഴുവൻ സമയവും പങ്കെടുത്തു. ഇന്ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.