ആയഞ്ചേരി: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി നീര്‍ച്ചാലുകള്‍ മാലിന്യ മുക്തമാക്കി തെളിനീരൊഴുക്കുന്ന പ്രവര്‍ത്തനത്തിന് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാര്‍ഡില്‍ തുടക്കമായി. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മഠത്തില്‍ താഴ-നാലുപുരക്കല്‍താഴ തോട് 2750 മീറ്റര്‍ നീളത്തില്‍ ശുചീകരണ പ്രവൃത്തി നടത്തി. 150 ചതുരശ്ര മീറ്ററില്‍ കയര്‍ ഭൂവസ്ത്രം വിരിക്കുന്നതിന് 2,11,330 രൂപയുടെ എസ്റ്റിമേറ്റിനാണ് അംഗീകാരം ലഭിച്ചത്. 493 തൊഴില്‍ ദിനങ്ങള്‍ ഇതിന്റെ ഭാഗമായ് ലഭിക്കും.
നാലുപുരക്കല്‍ താഴെ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.അബ്ദുള്‍ ഹമീദ് പ്രവൃത്തി ഉദ്ഘാടനം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.വി. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടരി ഗംഗാധരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിദ്ധീഖ്, തൊഴിലുറപ്പ് ഓവര്‍സിയര്‍ മുജീബ് റഹ്‌മാന്‍, നവകേരള മിഷന്‍ ആര്‍പി സി.എം.സുധ, ശുചിത്വ മിഷന്‍ ആര്‍പി ഗോകുല്‍, മേറ്റ് വിജിന എന്നിവര്‍ സംസാരിച്ചു.