വടകര: പിണറായി വിജയന്‍ കേരളം കണ്ട ഏറ്റവും ഭീരുവായ ഭരണാധികാരിയാണെന്നും താങ്കളുടെ ഭീരുത്വത്തിന്റെ അടയാളമാണ് പിവി.അന്‍വര്‍ എംഎല്‍എയുടെ കാരാഗ്രഹവാസം കെ.കെ.രമ എംഎല്‍എ.
ജനാധിപത്യ ഇടങ്ങളെ ഇല്ലാതാക്കി എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നത് ഭീരുക്കളായ ഭരണാധികാരികളുടെ രീതിയാണ്. പൊതുമുതല്‍ നശിപ്പിച്ചെന്ന കുറ്റം ചാര്‍ത്തി ഒരു ജനപ്രതിനിധിയെ പാതിരാത്രിയില്‍ വീടുവളഞ്ഞ് അറസ്റ്റു ചെയ്തിരിക്കുന്നു. പിണറായി വിജയന്‍ താങ്കള്‍ കേരളം കണ്ട ഏറ്റവും ഭീരുവായ ഭരണാധികാരിയാണെന്ന് പറയാതിരിക്കാന്‍ വയ്യ. ആശയം കൊണ്ട് എതിരിട്ടവരെ ആയുധം കൊണ്ട് നേരിട്ട ഭീരുക്കളായ ഭരണാധിപന്‍മാരെ ചരിത്രത്തില്‍ ഉടനീളം കാണാം. അധികാരമെന്നത് ആയുസു മുഴുവന്‍ കയ്യിലുണ്ടാവുമെന്നു കരുതിയ വിഡ്ഢികളായിരുന്നവര്‍, ചരിത്രം പിന്നാമ്പുറത്തേക്ക് തള്ളിയവര്‍.
ഭരണകൂടം എന്നും മുഖ്യധാരയ്ക്ക് വെളിയില്‍ നിര്‍ത്തിയ ആദിവാസി സമൂഹത്തിലെ ഒരു യുവാവാണ് കാട്ടാനയുടെ അക്രമത്തില്‍ ഇല്ലാതായത്. പത്തു മണിക്കൂറിനുമേലെയാണ് ആ മൃതദേഹം ഇവിടുത്തെ അധികാരികളുടെ അനാസ്ഥയ്ക്കിരയായി ആശുപത്രിയില്‍ കിടത്തിയത്. എന്നിട്ടും ഇതിനെതിരെ ഒരു
ജനപ്രതിനിധി ശബ്ദിക്കേണ്ട എന്നാണോ?
എന്താണ് ഈ അറസ്റ്റിലൂടെ നിങ്ങള്‍ മുന്നോട്ടു വെക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ സന്ദേശം? മണിയെന്ന ആദിവാസി യുവാവിന്റെ നീതിക്കുവേണ്ടി പ്രതിഷേധിച്ച പി.വി.അന്‍വര്‍ എംഎല്‍എയെ പാതിരാത്രി വീടുവളഞ്ഞു വലിയ പോലീസ് സന്നാഹത്തോടെ അറസ്റ്റു ചെയ്ത് ജയിലിലടച്ച ദിവസം തന്നെയാണ് പെരിയയിലെ രണ്ടു ചെറുപ്പക്കാരെ ക്രൂരമായി വെട്ടിക്കൊന്നതിന് കോടതി ശിക്ഷിച്ച കൊടും ക്രിമിനലുകളെ ആശ്ലേഷിച്ചും ഹസ്തദാനം നല്‍കിയും ഇന്‍ക്വിലാബ് വിളികളോടെ സിപിഎം സംസ്ഥാന സമിതിയംഗം പി.ജയരാജന്‍ അടക്കമുള്ളവര്‍ ജയിലിനു മുന്നില്‍ സ്വീകരിച്ചത്. ഈ രണ്ടു കാഴ്ചയും ഒരേ ദിവസം കണ്ട കേരളമാണിത്. ആ കേരള ജനതയെ നോക്കി
ജനകീയമെന്നോ ജനാധിപത്യമെന്നോ ഉള്ള വാക്കുകള്‍ ഇനി നിങ്ങള്‍ ഉച്ചരിക്കരുത്. നിസ്സഹായരായ ജനതയുടെ മേല്‍ സിംഹാസനമിട്ട് പുച്ഛച്ചിരിയോടെ വാണരുളുകയാണ് നിങ്ങള്‍.. നിങ്ങളുടെ അഹന്തയ്ക്കും കൊല വാളുകള്‍ക്കും ഇരയായവരുടെ ബന്ധുക്കള്‍ കോടതി വരാന്തകളില്‍ നീതിക്കായി കൈ നീട്ടിയിരിക്കുമ്പോള്‍ അധികാരപ്രമത്തതയില്‍ നിങ്ങളവരെ വേട്ടയാടുകയാണ്. ജനങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയ ജനപ്രതിനിധിയെയാണ് ജയിലറയ്ക്കുള്ളില്‍ അടച്ചിരിക്കുന്നതെന്നും കാലം ഒരു കണക്കും തീര്‍ക്കാതെ പോയിട്ടില്ലെന്നും കെ.കെരമ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.