തിരുവനന്തപുരം: കൗമാര കലാപൂരത്തിനൊരുങ്ങി തലസ്ഥാനം. 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടി ഉയര്‍ന്നു. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ എസ്.ഷാനവാസ് പതാക ഉയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയനാണ് കലാമേള ഉദ്ഘാടനം ചെയ്യുന്നത്. 44 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന നൃത്തശില്‍പത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങുക. ഹൈസ്‌കൂള്‍ വിഭാഗം മോഹിനിയാട്ടത്തോടെ വേദികളുണരും.
ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാട് വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ നൃത്തവും ഉദ്ഘാടന ചടങ്ങില്‍ അരങ്ങേറും. 25 വേദികളിലായി 249 മത്സരയിനങ്ങളില്‍ പതിനയ്യായിരത്തിലേറെ വിദ്യാര്‍ഥികളാണ് മാറ്റുരക്കുന്നത്. ഹയര്‍ സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെ സംഘനൃത്തവും ഒപ്പനയും ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മാര്‍ഗംകളിയും ആദ്യദിനം തന്നെ വേദിയിലെത്തും.
ഉരുള്‍പൊട്ടല്‍ ദുരന്തത്തെ അതിജീവിച്ച വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ത്ഥികളും തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാന കലോത്സവത്തിന് എത്തുന്നുണ്ട്. നാടകാവതരണത്തിന് തകഴിയുടെ വെള്ളപ്പൊക്കത്തില്‍ എന്ന കഥയാണ് വെള്ളാര്‍മലയിലെ കുട്ടികള്‍ തെരഞ്ഞെടുത്തത്.