ബാൻഡ് മേളങ്ങളോടും കോൽക്കളി, ദഫ് മുട്ട്, ഡിജെ എന്നിവയുടെയും അകമ്പടിയോടുകൂടി നടക്കുന്ന യൂത്ത് ലീഗ് റാലി വൈകുന്നേരം 4 മണിക്ക് കുഞ്ഞിപ്പള്ളിയിൽ നിന്ന് ആരംഭിച്ച് പൂഴിത്തല വഴി അഴിയൂർ ചുങ്കത്ത് സമാപിക്കും.
പൊതുസമ്മേളനത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല, വടകര എംപി ഷാഫി പറമ്പിൽ, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി ഷിബു മീരാൻ, മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്‌മായിൽ, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.മൊയ്തീൻ കോയ തുടങ്ങിയ നേതാക്കൾ സംബന്ധിക്കും.
അഴിയൂരിൽ എസ്ഡിപിഐക്കെതിരെ യൂത്ത് ലീഗ് ശക്തമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. കഴിഞ്ഞ പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളിൽ എസ്ഡിപിഐ-ആർജഡി രഹസ്യ ബാന്ധവമുണ്ടായിരുന്നതായി യൂത്ത് ലീഗ് നേതാക്കൾ ആരോപിച്ചു. യൂത്ത് ലീഗിന് എന്നും എസ്ഡിപിഐ വിരുദ്ധ നിലപാടാണ് ഉള്ളതെന്നും ഇവർ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയംഗം എ വി സനീദ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.സി.എച്ച്. ജലീൽ, ജനറൽ സെക്രട്ടറി ഷാനിസ് മൂസ, പി.പി. ഇസ്മായിൽ എന്നിവർ പങ്കെടുത്തു.