വടകര: എംടിയുടെ എഴുത്തുജീവിതത്തിന് രണ്ട് ഘട്ടങ്ങളുണ്ടെന്ന് ഡോ.രാജേന്ദ്രന്‍ എടത്തുംകര അഭിപ്രായപ്പെട്ടു. ഫ്യൂഡലിസ്റ്റ് കുടുംബ ബന്ധങ്ങള്‍ക്കെതിരെയുള്ള ആശയസമരങ്ങളില്‍ അധിഷ്ഠിതമാണ് ആദ്യ ഘട്ടത്തിലെ രചനകളുടെ പ്രമേയം. രണ്ടാം ഘട്ടത്തിലെ രചനകളിലൂടെയാണ് അദ്ദേഹം സാഹിത്യത്തിന്റെ വിശാല ലോകത്ത് ചിരപ്രതിഷ്ഠ നേടിയത്. കാഴ്ച, ഷെര്‍ലെക്ക്, വാനപ്രസ്ഥം, കല്‍പാന്തം, ചെറിയ ചെറിയ ഭൂകമ്പങ്ങള്‍ തുടങ്ങിയ രചനകള്‍ ലോകത്തിലെ തന്നെ ശ്രദ്ധേയ കഥകളാണ്. എഴുത്തു ദൈവം നിശ്ചയിച്ച വഴികളിലൂടെ സഞ്ചരിച്ചവരല്ല എംടിയുടെ കഥാപാത്രങ്ങള്‍. അത് ഭീമനായാലും ചന്തുവായാലുമൊക്കെ. തുഞ്ചന്‍പറമ്പിലുണ്ടായ ഇന്നത്തെ എല്ലാവിധ വികസനത്തിലും എംടിയുടെ കയ്യൊപ്പുണ്ട്. മലയാള ഭാഷയ്ക്ക് അദ്ദേഹം നല്‍കിയ
മികച്ച സംഭാവനയാണിത്.
എം.ദാസന്‍ ലൈബ്രറിയുടെയും പുകസ വടകര മേഖല കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നഗരചത്വരത്തില്‍ നടന്ന എംടി അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പി.ഹരീന്ദ്രനാഥ്, ടി.രാജന്‍, കെ.പി.ബിന്ദു, പി.കെ. രാമചന്ദ്രന്‍, ടി.പി.ഗോപാലന്‍, അഡ്വ ഐ.മൂസ, എം.സി.വടകര, ആര്‍. സത്യന്‍, പി.പ്രദീപ് കുമാര്‍, കെ.ടി.ദിനേശ് എന്നിവര്‍ സംസാരിച്ചു. ആര്‍.ബാലറാം സ്വാഗതം പറഞ്ഞു.