
വടകര: കുഞ്ഞിക്കഥകളിലൂടെ ശ്രദ്ധേയനായ റഫീഖ് മേമുണ്ടയുടെ കഥാസമാഹാരം ‘മിന്നല്‍ ജീവിതം’ പ്രകാശനത്തിന് സജ്ജമായി. 25-ാം തിയ്യതി ഞായറാഴ്ച വൈകുന്നേരം മൂന്നിന്
മേമുണ്ട ഹയര്‍സെക്കന്ററി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ കഥാകൃത്ത് പി.കെ.പാറക്കടവ് പ്രകാശനം നിര്‍വഹിക്കുമെന്ന് സുഹൃദ്സംഘം പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കവയിത്രി അപര്ണചിത്രകം പുസ്തകം ഏറ്റുവാങ്ങും. പി.ഹരീന്ദ്രനാഥ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഇ.കെ.ദിനേശന് പുസ്തകപരിചയവും

ഡോ.രാജേന്ദ്രന് എടത്തുംകര മുഖ്യപ്രഭാഷണവും നടത്തും.
റഫീഖ് മേമുണ്ടയുടെ പത്താമത്തെ പുസ്തകമാണ് ‘മിന്നല്‍ ജീവിതം’. മയ്യന്നൂര്‍ നമ്പര്‍ വണ്‍ എല്‍പി സ്കൂള്‍, മേമുണ്ട ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. 24 വര്‍ഷത്തോളം പ്രവാസി ആയിരുന്നു. മനുഷ്യ ജീവിതത്തിന്റെ സങ്കീര്‍ണതകളും
കാലത്തിന്റെ നേര്‍ക്കാഴ്ചകളും കുഞ്ഞുകഥകളിലൂടെ അനുഭവപ്പെടുത്തുകയാണ് റഫീഖ് മേമുണ്ട. ഗള്‍ഫിലെ പ്രവാസികളായ സ്ത്രീകളുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്ന ‘പെണ് പ്രവാസം’എന്ന കൃതിക്ക് യുഎഇ എക്സ്ചേഞ്ച് ചിരന്തന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇതിന്റെ എഡിറ്ററാണ് റഫീഖ് മേമുണ്ട. കഥകള്‍ മാത്രമല്ല കവിതകളും ലേഖനങ്ങളും റഫീഖ് എഴുതിയിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ സി.പി.ബിജുപ്രസാദ്, എ.പി.അമര്‍നാഥ്, സി.എച്ച്.പ്രദീപന്, ടി.എം.മനോജ്, കെ.മര്വാന് എന്നിവര്‍ പങ്കെടുത്തു.
















