
വടകര: റെയില്‍വേ സ്റ്റേഷന് സമീപത്തെ കണ്ടല്‍ക്കാടുകള്‍ വ്യാപകമായി നശിക്കുന്നതില്‍ പ്രകൃതി സ്‌നേഹികള്‍ക്ക് ആശങ്ക. നല്ലൊരു ഭാഗം കണ്ടല്‍ വനങ്ങള്‍ ഇതിനകം നശിച്ചു
കഴിഞ്ഞു. നശിച്ചതും നശിക്കാന്‍ തുടങ്ങിയതുമായ ധാരാളം കണ്ടലുകള്‍ ഇവിടെ കാണാന്‍ കഴിയും.
കണ്ടല്‍ വളരുന്ന വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലത്ത് നിറയെ പ്ലാസ്റ്റിക്, തെര്‍മോകോള്‍ തുടങ്ങിയ മാലിന്യങ്ങളാണുള്ളത്. പോരാത്തതിന് ഇടയ്ക്കിടെ ദുര്‍ഗന്ധം ഉയരുന്നുമുണ്ട്. മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത് കാരണം വളരാന്‍ കഴിയാത്ത സാഹചര്യമായതിനാലാവാം കണ്ടലുകള്‍ നശിക്കുന്നത്. ചില സ്ഥലങ്ങളില്‍ കണ്ടല്‍ കരിഞ്ഞു പോയതും കാണാം. കണ്ടല്‍ വനത്തെ വേലി കെട്ടി സംരക്ഷിച്ചാല്‍ കുറേയൊക്കെ ആശ്വാസമാകുമെന്ന് കരുതുന്നു. കണ്ടല്‍ വനം നശിക്കുന്നതിനെക്കുറിച്ച് കേട്ടറിഞ്ഞു കഴിഞ്ഞ ദിവസം പരിസ്ഥിതി
പ്രവര്‍ത്തകര്‍ ഇവിടം സന്ദര്‍ശിച്ചു. മാലിന്യമുക്തം നവകേരളം ജില്ലാ കോഡിനേറ്റര്‍ മണലില്‍ മോഹനന്‍, പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷന്‍ പ്രസിഡണ്ട് വടയക്കണ്ടി നാരായണന്‍, പരിസ്ഥിതി പ്രവര്‍ത്തകരായ പപ്പന്‍ നരിപ്പറ്റ, കെ ശ്രീനാഥ്, സാനു ചന്ദ്രന്‍, പി അഞ്ചിത, ആസിഫ് കുന്നത്ത്, എ വിശ്വനാഥന്‍, ജോഫിന്‍ ജോസ്, കെ കെ അന്‌സിന, എസ് ശരത്, സായി കൃഷ്ണ, എം വി പ്രദീപ്കുമാര്‍, രമേശന്‍ ഊരാളുങ്കല്‍ തുടങ്ങിയവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. കണ്ടല്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് ജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കാന്‍ കണ്ടലിനു ചുറ്റും മനുഷ്യച്ചങ്ങല തീര്‍ക്കാന്‍ ആലോചനയുണ്ട്.
















