
മലപ്പുറം: തിരൂരങ്ങാടിയിലെ ലീഗ് സ്ഥാനാര്‍ഥിക്കെതിരെ മുന്‍ എംഎല്‍എ അബ്ദുറഹ്‌മാന്‍ രണ്ടത്താണി. ലീഗ് കമ്മിറ്റികള്‍ അറിയാതെയാണ് പിഎംഎ സമീറിനെ
സ്ഥാനാര്‍ഥിയാക്കിയതെന്ന് അബ്ദുറഹിമാന്‍ രണ്ടത്താണി വിമര്‍ശിച്ചു. ചിലരുടെ താല്പര്യത്തിനായി അര്‍ഹതപ്പെട്ടവരെ തഴഞ്ഞ് സമീപകാലത്ത് പ്രത്യക്ഷപ്പെട്ടയാളെ സ്ഥാനാര്‍ഥിയാക്കിയെന്നാണ് അബ്ദുറഹിമാന്‍ രണ്ടത്താണി ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചിരിക്കുന്നത്. തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ നിന്ന് ഒരു പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയോ മുനിസിപ്പല്‍ കമ്മിറ്റിയോ പാര്‍ട്ടി പ്രവര്‍ത്തകരോ ആവശ്യപ്പെടാതെ, സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പിഎംഎ സമീര്‍ എന്നൊരാളെ അര്‍ഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച് നിഷ്‌കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താല്‍പര്യത്തിനായി
സ്ഥാനാര്‍ഥിയാക്കി. അതിന്റെ മാനദണ്ഡം പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ ചോദ്യം ചെയ്താല്‍ അത് അച്ചടക്ക ലംഘനമായി കാണരുത്. പ്രതിഫലം പറ്റാതെ പാര്‍ട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവര്‍ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും അബ്ദുറഹിമാന്‍ രണ്ടത്താണി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
യൂത്ത് ലീഗ് നേതാക്കളായ അഡ്വ. പി കെ ഫിറോസ്, അഡ്വ. ഫൈസല്‍ ബാബു, ടി പി അഷ്റഫലി, പി കെ നവാസ് തുടങ്ങിയ മലപ്പുറം ജില്ലയില്‍ നിന്നുള്ള യുവ നേതാക്കള്‍ സ്ഥാനാര്‍ഥികളായത് അഭിമാനകരമാണ്. ഇടതുപക്ഷത്തോട് പോരടിച്ച് രണ്ട് തവണ
എംഎല്‍എയാവുകയും രണ്ട് തവണ തോല്‍ക്കുകയും ചെയ്ത കെ എം ഷാജിക്ക് വേങ്ങരയില്‍ അവസരം നല്‍കുകയും ചെയ്ത തീരുമാനം ഉചിതമാണെന്നും രണ്ടത്താണി കുറിപ്പില്‍ പറയുന്നു.
മുതിര്‍ന്ന നേതാവായ പി കെ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണ് പിഎംഎ സമീര്‍. നേരത്തെ തിരൂരങ്ങാടി മണ്ഡലത്തിലെ തെന്നല പഞ്ചായത്തില്‍ നിന്നുള്ള ഒരു വിഭാഗം അബ്ദുറഹിമാന്‍ രണ്ടത്താണിയെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.പിഎംഎ സമീറിനെ തിരൂരങ്ങാടിയില്‍ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രാദേശിക എതിര്‍പ്പും രൂക്ഷമാണ്.
രണ്ടത്താണിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
















