
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡിഫെയ്സ്മെന്റ് സ്‌ക്വാഡ് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 168 അനധികൃത
ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്തു. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പരിധിയിലായിരുന്നു സ്‌ക്വാഡിന്റെ പരിശോധന. വിവിധതരം പ്രചാരണ ബോര്‍ഡുകള്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ നിര്‍ദ്ദേശ പ്രകാരം ഇവ നീക്കം ചെയ്തു. ബോര്‍ഡുകളും ബാനറുകളും പോസ്റ്ററുകളും മറ്റ് പ്രചരണ സാമഗ്രികളും ഉള്‍പ്പെടെ 168 എണ്ണമാണ് നീക്കം ചെയ്തത്. അനധികൃത കൊടിതോരണങ്ങളോ പ്രചാരണ ബോര്‍ഡുകളോ പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന്
കലക്ടര്‍ അറിയിച്ചു.
13 നിയോജക മണ്ഡലങ്ങളിലായി രണ്ട് വീതം സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍, അവയുടെ കോമ്പൗണ്ടുകള്‍ എന്നിവിടങ്ങളിലെ ചുവരെഴുത്തുകള്‍, പോസ്റ്ററുകള്‍, ഹോര്‍ഡിങ്ങുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്റുകള്‍, വിമാനത്താവളങ്ങള്‍, പാലങ്ങള്‍, വൈദ്യുതി, ടെലിഫോണ്‍ തൂണുകള്‍, തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ തുടങ്ങിയ പൊതു ഇടങ്ങളിലെ അനധികൃത രാഷ്ട്രീയ പരസ്യങ്ങള്‍ 48 മണിക്കൂറിനകം
നീക്കം ചെയ്യാനും നിര്‍ദേശിച്ചിരുന്നു. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഇടങ്ങളില്‍ സ്ഥാപിച്ച അനധികൃത പ്രചാരണ സാമഗ്രികള്‍ 72 മണിക്കൂറിനകം നീക്കം ചെയ്യണം.
ഓരോ നിയോജക മണ്ഡലത്തിലും മൂന്നു വീതം ജില്ലയില്‍ 39 ഫ്‌ളയിങ് സ്‌ക്വാഡുകളും 39 സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളും പ്രവര്‍ത്തന സജ്ജമാണ്. 26 വീഡിയോ സര്‍വൈലന്‍സ് ടീമും 13 വീഡിയോ നിരീക്ഷണ ടീമും പ്രവര്‍ത്തിക്കും. പണം, മദ്യം, മയക്കുമരുന്ന് വിതരണം എന്നിവ തടയാന്‍ അതിര്‍ത്തികളിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്.
















