
കൊയിലാണ്ടി: ദീര്‍ഘകാലമായി തകര്‍ന്നുകിടക്കുന്ന കാപ്പാട് കടല്‍ഭിത്തി പുനര്‍നിര്‍മാണ പ്രവൃത്തി ഉദ്ഘാനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. നിലവില്‍
കടല്‍ഭിത്തിയില്ലാത്ത ഭാഗത്ത് 310 മീറ്റര്‍ ഭിത്തി നിര്‍മാണവും 360 മീറ്റര്‍ പുനര്‍നിര്‍മാണവുമടങ്ങുന്നതാണ് പദ്ധതി. ബാക്കിയുള്ള ഭാഗം പുനര്‍ നിര്‍മിക്കുന്നതിന് നവകേരളസദസ്സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6.25 കോടി രൂപയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതാണ്. റോഡ് നിര്‍മാണത്തിന് രണ്ട് കോടി രൂപയുടെ ഭരണാനുമതി ഹാര്‍ബര്‍ എഞ്ചിനിയറിങ് വകുപ്പ് നല്‍കിയിട്ടുണ്ട്. 2021ല്‍ കടല്‍ഭിത്തി തകര്‍ന്നതോടെ കാപ്പാട് –
കൊയിലാണ്ടി റോഡും പൂര്‍ണ്ണമായി തകര്‍ന്നിരുന്നു.
ശക്തമായ കടലാക്രമണം നേരിടുന്ന കേരളത്തിലെ പത്ത് ഹോട്ട് സ്‌പോട്ടുകളില്‍ ഒന്നായ കാപ്പാട്ട് കടല്‍ഭിത്തി പുനര്‍നിര്‍മിക്കുന്നതിനായി വിദഗ്ധ സമിതി (എന്‍.സി.സി.ആര്‍) പഠനം നടത്തുകയും 76 കോടിയുടെ എസ്റ്റിമേറ്റ് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. കാനത്തില്‍ ജമീല എംഎല്‍എയുടെ ശ്രമഫലമായി 2024-25 ബജറ്റില്‍ പുനരുദ്ധാരണ പദ്ധതിക്കായി ആറ് കോടി രൂപ വകയിരുത്തി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചെങ്കിലും ടെണ്ടര്‍ എക്‌സസ് കാരണം
പദ്ധതി വീണ്ടും വൈകി. ടെണ്ടര്‍ എക്‌സസ് മന്ത്രിസഭ അംഗീകരിച്ചതോടെയാണ് പദ്ധതി യാഥാര്‍ഥ്യമാകുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് പ്രവൃത്തി നടത്തുക.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വനി ഷിനിലേഷ്, പഞ്ചായത്ത് പ്രസിഡന്റ് അജയ് ബോസ്, കെ ദാസന്‍, വി കെ വിപിന്‍ദാസ്, പി സത്യന്‍, എന്‍ വി ബിനേഷ്, പി ബാബുരാജ്, മുരളീധരന്‍ തോറോത്ത്, അവിണേരി ശങ്കരന്‍ എന്നിവര്‍ സംസാരിച്ചു. എഞ്ചിനിയര്‍മാരായ യു കെ ഗിരീഷ് കുമാര്‍, രഞ്ജിത്ത്, പ്രബീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
















