കൊല്ലം: കരുനാഗപ്പള്ളിയില്‍ പട്ടാപ്പകല്‍ ഗുണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊന്നക്കേസില്‍ മുഖ്യപ്രതിയുള്‍പ്പെടെ എട്ട് പേര്‍ പോലീസിന്റെ പിടിയിലായി. കുറ്റകൃത്യത്തിന് ഉപയോഗിച്ച രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.
ജിം സന്തോഷ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട അലുവ അതുല്‍ മൂന്നുദിവസം മുമ്പാണ് ജയിലില്‍ നിന്നിറങ്ങിയത്. എല്ലാ ശനിയാഴ്ചയും പോലീസ് സ്റ്റേഷനില്‍ ഒപ്പിടണമെന്ന് വ്യസ്ഥയുണ്ടായിരുന്നു. ഇന്നലെ ഒപ്പിട്ട ശേഷം മടങ്ങിയ അതുലിനെ രണ്ട് കാറുകളിലായി പ്രതികള്‍ പിന്തുടര്‍ന്നു. അതുല്‍ സഞ്ചരിച്ച വാഹനത്തിന് മുന്നിലായി ഇതിലൊരു കാര്‍ പതുക്കെ ഓടിച്ച് വേഗത തടഞ്ഞു. ശേഷം പിറകില്‍ നിന്ന് ഇന്നോവ കൊണ്ട് അതുലിന്റെ കാര്‍ ഇടിച്ച് കുഴിയിലേക്കിട്ടു. പിന്നാലെ വടിവാളുപയോഗിച്ച് കാറിന്റെ ചില്ലുതകര്‍ത്ത്
ആക്രമിക്കുകയായിരുന്നു. നടുറോഡില്‍ കാറിന് പുറത്തേക്ക് വലിച്ചിട്ട് അതുലിനെ തലങ്ങും വിലങ്ങും വെട്ടി. അതുലിനൊപ്പമുണ്ടായിരുന്ന ഓച്ചിറ സ്വദേശിക്ക് വെട്ടേറ്റെങ്കിലും സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.
കൃത്യത്തില്‍ നേരിട്ട് ഉള്‍പ്പെട്ട നാലുപ്രതികളെ ഇടുക്കി മുണ്ടക്കയത്തുനിന്നാണ് പിടികൂടിയത്. കോട്ടയം പോലീസ് പിടിച്ച പ്രതികളെ കൊല്ലം പോലീസിന് കൈമാറി. ഇതോടെ കേസില്‍ ഉള്‍പ്പെട്ട എട്ട് പ്രതികളും പിടിയിലായതായി പോലീസ് അറിയിച്ചു. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം.
















