
കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ഓണ്‍ലൈനായി ചേര്‍ന്നു. മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി, പൊതു-സ്വകാര്യ ഇടങ്ങളിലെ അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
സര്‍ക്കാര്‍, പൊതു, സ്വകാര്യ വസ്തുക്കളിലെ പരസ്യങ്ങള്‍ യഥാക്രമം 24, 48, 72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം. നിശ്ചിത സമയപരിധിക്കുള്ളില്‍ ഇവ നീക്കം ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തി തടയുന്നതിനും തെരഞ്ഞെടുപ്പ് ചെലവുകള്‍
നിരീക്ഷിക്കുന്നതിനുമായി ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഫ്‌ളയിങ് സ്‌ക്വാഡുകളും ആന്റി ഡീഫേസ്മന്റ് സ്‌ക്വാഡുകളും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളെയും വിന്യസിച്ചിട്ടുണ്ട്. ഇതിനു പുറമെ അസിസ്റ്റന്റ് എക്സ്പന്റിച്ചര്‍ ഒബ്സര്‍വര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് നടപടിക്രമങ്ങളും കളക്ടര്‍ അവലോകനം ചെയ്തു.
യോഗത്തില്‍ സബ് കളക്ടര്‍ ഗൗതം രാജ്, സിറ്റി പോലീസ് കമ്മീഷണര്‍ ജി ജയദേവ്, കോഴിക്കോട് റൂറല്‍ എസ്.പി ടി ഫറാഷ്, എഡിഎം സി മുഹമ്മദ് റഫീഖ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ കെ എസ് സുബിന്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















