
വടകര: ക്ഷേത്ര ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നയാള്‍ കൈയോടെ പോലീസ് പിടിയില്‍. വടകര താഴെ അങ്ങാടി മൊയിലാറമ്പത്ത് ലത്തീഫിനെയാണ് (40) എസ്‌ഐ
കെ.രഞ്ജിത്തും സംഘവും പിടികൂടിയത്.
തോടന്നൂര്‍ ശിവക്ഷേത്രം ഭണ്ഡാരമാണ് ഇയാള്‍ കുത്തിപ്പൊളിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് എസ്‌ഐയും സംഘവും പട്രോളിംഗ് നടത്തുമ്പോള്‍ മോഷ്ടാവ് മുന്നില്‍ പെടുകയായിരുന്നു. ചെരണ്ടത്തൂര്‍ റോഡിന്റെ അരികിലെ ഭണ്ഡാരം ആയുധം ഉപയോഗിച്ച്
തകര്‍ത്ത് പണവുമായി രക്ഷപ്പെടുമ്പോഴാണ് പ്രതി പിടിയിലായത്. കളവ് ചെയ്ത 1407 രൂപയും ആയുധവും പോലീസ് പ്രതിയില്‍ നിന്ന് കണ്ടെടുത്തു. ഇയാള്‍ നേരത്തേയും മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
















