കൊച്ചി: ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലാണ് കേരളത്തിലെ സിപിഎം എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ബംഗാളിനേക്കാള്‍ മോശം അവസ്ഥയിലാകുമെന്നും
സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉത്തമരായ കമ്യൂണിസ്റ്റുകള്‍ ഉള്ള സ്ഥലമാണ് കേരളം. ഇവര്‍ എല്ലാം പാര്‍ട്ടിയില്‍ നിന്ന് അകലുകയാണ്. തീവ്ര വലതുപക്ഷത്തോട് വിട്ടുവീഴ്ച ചെയ്താണ് സിപിഎമ്മിന്റെ പ്രവര്‍ത്തനം. ജി.സുധാകരന് പിന്തുണ നല്‍കുന്ന കാര്യത്തില്‍ നേതാക്കളുമായി കൂടിയാലോചിച്ച ശേഷം മാത്രമേ തീരുമാനം എടുക്കൂവെന്നും സതീശന്‍ വ്യക്തമാക്കി. അദ്ദേഹം ഉത്തമനായ കമ്മ്യൂണിസ്റ്റാണെന്ന് നേരത്തെ പറഞ്ഞതാണ്. ജി.സുധാകരന്റെ സ്വാനാര്‍ഥിത്വത്തിന് പിന്തുണ നല്‍കുന്നത് പരിശോധിച്ച് തീരുമാനിക്കും. വിസ്മയം എന്ന് പറഞ്ഞപ്പോ പലരും ചിരിച്ചല്ലോ. ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. പുതുയുഗ യാത്രയില്‍ അത് കണ്ടതാണ്. പല സ്ഥലത്തും അറിയപ്പെടുന്ന പ്രാദേശിക നേതാക്കള്‍ പാര്‍ട്ടി വിട്ടു കോണ്‍ഗ്രസിലെത്തിയെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനങ്ങളുടെ നികുതി പണം കൊണ്ട് കോടി കണക്കിന് രൂപ പിആര്‍ നടത്തുതയാണെന്നും വി.ഡി.സതീശന്‍ വിമര്‍ശിച്ചു. സംസ്ഥാനത്ത് ബില്ലുകള്‍
പാസാകുന്നില്ല. ധനകാര്യ വകുപ്പില്‍ സാമ്പത്തിക നിയന്ത്രണമാണ്. എന്നാല്‍, അതൊന്നും പിആറിനെ ബാധിക്കുന്നില്ല. ലൈഫ് വഴി 5 ലക്ഷം ഭവനം എന്നാണ് പ്രചരണം. എന്നാല്‍ ഇത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ 10 വര്‍ഷ കാലം കൊണ്ടാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 4 ലക്ഷത്തില്‍ അധികം വീടുകള്‍ 5 വര്‍ഷത്തില്‍ വെച്ച് നല്‍കി. ഈ എണ്ണം അടക്കം എല്‍ഡിഎഫ് വേദിയിലാക്കി. പവര്‍ കട്ട് ഒഴിവായത് വൈദ്യുതി ഇടനാഴി കൊണ്ടാണ്. വിഎസ് സര്‍ക്കാറിന്റെ കാലം മുതലേ പവര്‍ കട്ട് ഉണ്ട്. വൈദ്യുതി ബോര്‍ഡ് ലാഭത്തില്‍ എന്നത് തെറ്റായ പ്രചരണമാണ്. വൈദ്യുതി ബോര്‍ഡിന്റെ കടം സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നുവെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.















