കൊളാവിപ്പാലം: സഞ്ചാരികള്‍ അലസമായി വലിച്ചെറിയുന്നവയും വേലിയേറ്റ സമയത്ത് കടല്‍ നിക്ഷേപിക്കുന്നവയുമായ മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞ മിനി ഗോവ കടല്‍ത്തീരം
‘സ്വച്ച് സര്‍വേക്ഷന്‍ 2026’ ന്റെ ഭാഗമായി പയ്യോളി നഗരസഭയുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. പ്ലാസ്റ്റിക് സഞ്ചികള്‍, കുപ്പികള്‍, ലഘു ഭക്ഷണ കവറുകള്‍, ഡയപ്പറുകള്‍, തെര്‍മോകോള്‍, ചെരുപ്പുകള്‍ തുടങ്ങിയവയുടെ വലിയ ശേഖരം തന്നെയാണ് തീരത്തു നിന്നു നീക്കം ചെയ്തത്. ഇടതൂര്‍ന്ന കണ്ടല്‍ വനങ്ങള്‍ക്കിടയില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ശുചീകരിക്കുന്നവര്‍ക്ക് ഏറെ പണിപ്പെടേണ്ടിവന്നു. മുനിസിപ്പല്‍ ശുചീകരണ തൊഴിലാളികള്‍, തൊഴിലുറപ്പ് അംഗങ്ങള്‍, പരിസ്ഥിതി പയ്യോളിയുടെ അംഗങ്ങള്‍ തുടങ്ങിയവര്‍ ശുചീകരണത്തില്‍ പങ്കാളികളായി. എത്രമാത്രം മാലിന്യങ്ങള്‍ നീക്കം ചെയ്താലും ഏതാനും ദിവസങ്ങള്‍ക്കകം വീണ്ടും മാലിന്യങ്ങള്‍ നിറയുന്ന അവസ്ഥയാണ് ഇവിടെ ഉള്ളത്. അതിനാല്‍ ‘മാലിന്യങ്ങള്‍ വലിച്ചെറിയരുത്’ എന്ന
നിര്‍ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകളും മണ്ണില്‍ അലിയുന്നവയും അലിയാത്തവയും നിക്ഷേപിക്കാന്‍ പ്രത്യേകം പ്രത്യേകം പെട്ടികളും ഇവിടെ നഗരസഭ സ്ഥാപിക്കും. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പയ്യോളി നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.ടി.സിന്ധു നിര്‍വഹിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.നിഷ അധ്യക്ഷയായി. പരിസ്ഥിതി പയ്യോളിയുടെ പ്രസിഡണ്ട് വടയക്കണ്ടി നാരായണന്‍, സെക്രട്ടറി വിജയന്‍ പെരിങ്ങാട്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീശന്‍, രാജന്‍ കൊളാവിപ്പാലം, ഇരിങ്ങല്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശേഖരിച്ച മാലിന്യങ്ങള്‍ തരംതിരിച്ച് സംസ്‌കരണത്തിന് അയക്കും.















