
കാസര്‍കോട്: ദേശീയപാത 66ന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ ബദല്‍ ഉദ്ഘാടനവുമായി എല്‍ഡിഎഫ്. കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
ദേശീയപാത 66ന്റെ ഉദ്ഘാടന പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിന് പിന്നാലെയാണ് പ്രതിഷേധമായി ബദല്‍ ഉദ്ഘാടനം സംഘടിപ്പിച്ചത്. തലപ്പാടി- ചെങ്കള റീച്ചിന്റെ സമാന്തര ഉദ്ഘാടനം സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ നിര്‍വ്വഹിച്ചു. എന്‍എച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം-രാമനാട്ടുകര ആറ് വരിപ്പാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് മന്ത്രിയെ ഒഴിവാക്കിയത്. മന്ത്രിയെ ഒഴിവാക്കിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും കൊച്ചിയിലെ
ചടങ്ങ് ബഹിഷ്‌കരിച്ചു.
ദേശീയപാത നവീകരണത്തിനായി സ്ഥലമേറ്റെടുപ്പിന് 25 ശതമാനം തുകയാണ് സംസ്ഥാനം നൽകിയത്. 6000 കോടി രൂപ ഇൗയിനത്തിൽ കിഫ്‌ബി വഴി സംസ്ഥാനം നൽകി. എല്ലാ തടസ്സവും നീക്കി ദേശീയപാത യാഥാർഥ്യത്തിലെത്തിച്ചതിന് പിന്നിൽ എൽഡിഎഫ് സർക്കാരിന് വലിയ പങ്കുണ്ട്. ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ് കേന്ദ്രമെന്നാണ് എല്‍ഡിഎഫ് ആക്ഷേപം. ഇൗ നിലപാടിൽ പ്രതിഷേധിച്ചാണ് കാസർകോട്ട് ജനകീയ ഉ്‌ദഘാടനം നടത്തിയത്. നൂറുക്കണക്കിനാളുകൾ പരിപാടിയിൽ പങ്കെടുത്തു.
















