
ന്യൂഡല്‍ഹി: ഗാര്‍ഹിക, വാണിജ്യ ഗ്യാസ് വില കുത്തനെ വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 60 രൂപയാണ് വര്‍ധിപ്പിച്ചത്. ഇത് ഉജ്വല പദ്ധതിയിലുള്‍പ്പെട്ട
ഗുണഭോക്താക്കളെ പോലും വെറുതെ വിടുന്നില്ലെന്നും നിരന്തരം വിലവര്‍ധിപ്പിക്കുന്നത് ജനദ്രോഹപരമാണെന്നും സിപിഎം പ്രസ്താവനയില്‍ അറിയിച്ചു.
വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ 114.50 രൂപയുടെ വര്‍ധനവുണ്ടായി. ഇതും ഉപഭോക്താക്കളെ കാര്യമായി ബാധിക്കും. ചുരുങ്ങിയ വരുമാനമുള്ള മധ്യവര്‍ഗത്തിന്റെയും തൊഴിലാളികളുടെയും മേല്‍ വിലക്കയറ്റം കൂടുതല്‍ ഭാരമേല്‍പ്പിക്കും. സിലിണ്ടറുകളുടെ നികുതി വരുമാനം ഉപേക്ഷിക്കാന്‍ തയ്യാറാകാത്തത് കേന്ദ്രത്തിന്റെ ജനവിരുദ്ധ നയത്തെ തുറന്നുകാട്ടുന്നുവെന്നും സിപിഎം വ്യക്തമാക്കി.
പശ്ചിമേഷ്യന്‍ സംഘര്‍ഷം വിലവര്‍ധനവിന് കാരണമായി പറയുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട്
കപടമാണെന്നും ഇത് ട്രംപ് ഭരണകൂടത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കും യുഎസ് ആധിപത്യത്തിനും കേന്ദ്രം വഴങ്ങുന്നതിന്റെ ഭാഗമാണെന്നും സിപിഎം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.















