കൊയിലാണ്ടി: ദേശീയ പാതയിലെ ചരിത്ര പ്രസിദ്ധമായ കൊല്ലം ചിറയുടെ രണ്ടാം ഘട്ട നവീകരണ പ്രവൃത്തി ഉദ്ഘാടനം മാര്‍ച്ച് പത്തിന് രാവിലെ 11.30ന് പൊതുമരാമത്ത് ടൂറിസം
മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ടൈലുവെച്ച നടപ്പാത, ഇരിപ്പിട സൗകര്യങ്ങള്‍, ലൈറ്റിങ്, കുട്ടികളുടെ പാര്‍ക്ക് എന്നിവ സ്ഥാപിച്ചുകൊണ്ട് കൊല്ലം ചിറ പരിസരത്തിന്റെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുക എന്നതാണ് രണ്ടാം ഘട്ട നവീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. വൈകുന്നേരങ്ങളില്‍ കുടുംബത്തോടെ അല്പ സമയം ചെലവിടാനാഗ്രഹിക്കുന്നവര്‍ക്കും നീന്തല്‍ പരിശീലനത്തിനും മറ്റും ചിറയില്‍ എത്തുന്നവര്‍ക്കും സൗകര്യങ്ങള്‍ ഒരുക്കാന്‍ ലക്ഷ്യമിട്ടും കോഴിക്കോടിന് മാനാഞ്ചിറയെന്നപോലെ കൊയിലാണ്ടിയ്ക്ക് കൊല്ലം ചിറയെന്ന തരത്തില്‍ ഈ മേഖലയെ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ചിറയുടെ സൗന്ദര്യവത്കരണത്തിനും ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തെ തന്നെ പ്രോജക്ട് തയ്യാറാക്കി ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു. കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയടക്കമുള്ളവരുടെ നിരന്തര ഇടപെടലുകളാണ് രണ്ടാംഘട്ട നവീകരണം യാഥാര്‍ഥ്യമാക്കിയത്. ചിറ
നവീകരണത്തിനായി ബജറ്റില്‍ ഫണ്ട് അനുവദിച്ചിട്ടും രണ്ടാംഘട്ടത്തിനായി നാലുകോടി ചെലവാക്കാനാവില്ലെന്ന ടൂറിസം ഡപ്യൂട്ടി ഡയറക്ടറുടെ കടുംപിടുത്തമാണ് ചിറ നവീകരണം നീണ്ടുപോകാന്‍ ഇടയാക്കിയത്. കെ.ദാസന് കൊയിലാണ്ടി എംഎല്‍എയായിരിക്കെ 2020-21ലെ ബജറ്റിലാണ് വിനോദസഞ്ചാര രംഗത്തെ വികസനം ലക്ഷ്യമിട്ട് കൊല്ലം ചിറയുടെ രണ്ടാം ഘട്ട നവീകരണത്തിനായി നാലുകോടി രൂപ നീക്കിവെച്ചത്. അതിനുമുമ്പ് നബാര്‍ഡ് അടക്കമുള്ളവയുടെ ഫണ്ടിന്റെ സഹായത്തോടെ മൂന്നുകോടിയുടെ ആദ്യ ഘട്ട നവീകരണ പ്രവൃത്തി കൊല്ലം ചിറയില്‍ പൂര്‍ത്തീകരിച്ചിരുന്നു. കെല് എന്ന സര്‍ക്കാര്‍ ഏജന്‍സിക്കാണ് രണ്ടാം ഘട്ട നിര്‍മാണ ചുമതല.














