
പുറമേരി: മാനുഷിക ചുവടുവെപ്പുമായി പുറമേരി ഗ്രാമപഞ്ചായത്ത് ബജറ്റ്. ഒരു ഡയാലിസിസ് സെന്റര്‍ ആരംഭിക്കുന്നതിനായി ഒന്നേമുക്കാല്‍ കോടി രൂപ ബജറ്റില്‍ വകയിരുത്തി. മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും
പങ്കാളിത്തത്തോടെയും പ്രവാസികളുടെ സഹായം ലഭ്യമാക്കിയും വോളിബോള്‍ ടൂര്‍ണമെന്റുകള്‍ ഉള്‍പ്പെടെയുള്ള ജനകീയ പരിപാടികള്‍ സംഘടിപ്പിച്ചും ഇതിനായുള്ള ഫണ്ട് കണ്ടെത്താനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഇതിന് പുറമെ സാധാരണക്കാര്‍ക്ക് 20 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ മരുന്നുകള്‍ ലഭ്യമാക്കുന്ന ന്യായവില മെഡിക്കല്‍ ഷോപ്പും ആരംഭിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ വൈസ് പ്രസിഡന്റ് സബീദ കോളോത്ത് പറഞ്ഞു.
25,69,32,734 രൂപ വരവും 25,72,92 914 രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. പ്രസിദ്ധമായ
അരൂര്‍ ഒളോര്‍ മാങ്ങ മൂല്യവര്‍ധിത ഉല്പനങ്ങളായി മാറ്റാന്‍ ആധുനിക ഡ്രൈ ഫ്രൂട്ട് യൂണിറ്റ് ആരംഭിക്കും. വര്‍ഷത്തില്‍ 45 മുതല്‍ 60 ദിവസം വരെ ലഭ്യമാകുന്ന സവിശേഷമായ ഉല്പന്നമാണ് അരൂര്‍ ഒളോര്‍ മാങ്ങ. ഇത്തരം യൂണിറ്റ് ആരംഭിക്കുന്നതോടെ കര്‍ഷകര്‍ക്ക് ഏറെ ഗുണകരമാകും. ഈ വര്‍ഷം തന്നെ യൂണിറ്റ് ആരംഭിക്കാനാണ് പരിപാടി. ഇത്തരമൊരു
സംവിധാനമില്ലാത്തതിനാല്‍ വലിയ തോതില്‍ മാങ്ങ ഓരോ വര്‍ഷവും നഷ്ടപ്പെടുന്നുണ്ട്.
പ്രസിഡന്റ് പി.ശ്രീലത അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ പി.അജയന്‍, ആരോഗ്യസ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ഷംസു മീത്തില്‍, അലിമത്ത് നീലഞ്ചേരിക്കണ്ടി, കൂടത്താങ്കണ്ടി സുരേഷ്, കെ.സജീവന്‍, കെ സുനിത, എം.എ.ഗഫൂര്‍, ടി കുഞ്ഞിക്കണ്ണന്‍, എന്‍.കെ രാജഗോപാല്‍ പി ദാമോദരന്‍, പി അബ്ദുല്ല, മജീദ് കപ്‌ളിക്കണ്ടി എന്നിവര്‍ പ്രസംഗിച്ചു
















