
കുറ്റ്യാടി: 28.50 കോടി രൂപ ചെലവില്‍ കുറ്റ്യാടി താലൂക്ക് ആശുപത്രിക്കായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി അന്തിമ ഘട്ടത്തിലേക്ക്. പ്രവൃത്തി അവലോകന യോഗം കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എയുടെ
അധ്യക്ഷതയില്‍ വടകരയില്‍ ചേര്‍ന്നു. കെട്ടിടത്തിലെ ഇലക്ട്രിക്കല്‍, ഫയര്‍ സംവിധാനങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. സ്ട്രക്ചറല്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായതായും ഫ്‌ളോറിങ് പ്രവൃത്തികള്‍ ആരംഭിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. മാര്‍ച്ചില്‍ നിര്‍മാണം പൂര്‍ത്തിയാക്കല്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. യോഗത്തില്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി.സ്വപ്ന, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസി. എഞ്ചിനീയര്‍ എ.അഖില്‍, സബ് ഡിവിഷന്‍ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.എം.ഷനിത്ത്, ഇലക്ട്രിക്കല്‍ വിഭാഗം അസി. എഞ്ചിനീയര്‍ പി.അബ്ദുല്‍ നസീര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ എസ്.വരുണ്‍, റീജ്യണല്‍ ഫോറസ്റ്റ് ഓഫീസര്‍ പ്രശാന്ത്, താലൂക്ക് സര്‍വേയര്‍ ടി.പി.ശ്രീജിത്ത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. അഞ്ച് നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ ആധുനിക സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഹൈ
ഡെന്‍സിറ്റി യൂണിറ്റ്, നഴ്‌സിങ് സ്റ്റേഷന്‍, ബൈസ്റ്റാന്‍ഡേഴ്‌സ് ഏരിയ, ഡോക്ടേഴ്‌സ് ഏരിയ, ലേബര്‍ റൂം കോംപ്ലക്‌സ്, എമര്‍ജന്‍സി ഓപറേഷന്‍ തിയേറ്റര്‍, പ്രൊസീജിയര്‍ റൂം, ഐസിയു, റിക്കവറി റൂം, മൂന്ന് ഓപറേഷന്‍ തിയേറ്ററുകള്‍, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായുള്ള വാര്‍ഡുകള്‍, സ്റ്റോര്‍ റൂമുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. കോണ്‍ഫറന്‍സുകള്‍ നടത്താനുള്ള സൗകര്യങ്ങളും മികച്ച പാര്‍ക്കിങ് ഏരിയയും ഒരുക്കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ ആര്‍ക്കിടെക്ച്ചറല്‍ വിഭാഗമാണ് കെട്ടിടം രൂപകല്‍പ്പന ചെയ്തത്.















