
വടകര: പത്ത് ജില്ലകളെ ബന്ധിപ്പിക്കുന്ന പശ്ചിമതീര ജലപാത ശൃംഖല നവകേരള നിര്‍മ്മിതിയില്‍ വലിയ മാറ്റം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വടകര-മാഹി കനാലിന് കുറുകെ നിര്‍മിച്ച മൂഴിക്കല്‍ ലോക്ക് കം ബ്രിഡ്ജ് ഉദ്ഘാടനം ഓണ്‍ലൈനായി
നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഈ ജലപാത നവ്യാനുഭവമാകും. പദ്ധതി ടൂറിസം രംഗത്ത് വലിയ മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
റോഡിലൂടെയുള്ള ചരക്ക് നീക്കത്തിന് മാറ്റമുണ്ടാക്കാന്‍ ജലപാതക്ക് കഴിയും.
ഭാവിയില്‍ വിഴിഞ്ഞവുമായ ജലപാത ബന്ധിപ്പിക്കുമെന്നും പല നിലയില്‍ വികസന
സാധ്യതയുള്ള പദ്ധതിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഷങ്ങളായ പരിശ്രമങ്ങള്‍ക്കൊടുവിലാണ് വടകരമാഹി കനാല്‍ നവീകരണം സാധ്യമായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വടകര-മാഹി കനാലിന് കുറുകെ 17.6 കോടി രൂപ ചെലവില്‍ കോട്ടപ്പള്ളിയില്‍ നിര്‍മിക്കുന്ന പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
കെ പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. തിരുവള്ളൂര്‍ ഗ്രാമ പഞ്ചായത്ത്
പ്രസിഡന്റ് എല്‍ വി രാമകൃഷ്ണന്‍, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷ്‌റഫ്, മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ദിന്‍ഷ , ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ കെ ദിനേശന്‍, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഒ പി ചന്ദ്രന്‍, തിരുവള്ളൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ അദീന, മണിയൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഒ പി പ്രമീള, ഇന്‍ലാന്റ് നാവിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എല്‍ ആഷാ ബീഗം, ജലഗതാഗത ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ഐ വി സുശീല്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വടകര-മാഹി കനാല്‍ കുറ്റ്യാടി പുഴയില്‍ ചേരുന്ന മണിയൂര്‍ പഞ്ചായത്തിലെ
മൂഴിക്കലിലാണ് മണിയൂര്‍, തിരുവള്ളൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ലോക്ക് കം ബ്രിഡ്ജ് നിര്‍മിച്ചത്. വടകര-മാഹി ജലപാതയുടെ ഭാഗമായി ഇരുകരകളെ ബന്ധിപ്പിക്കുന്നതിനും കനാലില്‍ ശുദ്ധജലം നിലനിര്‍ത്തുന്നതിനും ഉപ്പുവെള്ളം കയറുന്നത് തടയാനും സഹായമാകുന്നതാണ് പുതിയ പാലം. കനാലിലൂടെ ജലയാനങ്ങള്‍ക്ക് തടസ്സമില്ലാതെ കടന്ന് പോവുന്നതിനാവശ്യമായ രീതിയില്‍ ഉയര്‍ത്തിയാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. 31.42 കോടി രൂപ ചെലവില്‍ തീരദേശ കപ്പല്‍ ഗതാഗത ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് മുഖേന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കായിരുന്നു നിര്‍മാണ ചുമതല.
















