
വടകര: നിര്‍മാണ പ്രവൃത്തി നടക്കുന്ന ദേശീയപാതയില്‍ ടാങ്കര്‍ ലോറി കുടുങ്ങിയത് ഗതാഗത കുരുക്ക് രൂക്ഷമാക്കി. നാരായണനഗരം ജംഗ്ഷനു സമീപമാണ് കണ്ണൂരേക്ക് പോകുന്ന ടാങ്കര്‍ ലോറി കുടുങ്ങിയത്. വീതി കുറഞ്ഞ റോഡിനോട് ചേര്‍ന്ന ഓവുചാലില്‍ ലോറി
അകപ്പെടുകയായിരുന്നു. പിന്നോട്ടെടുക്കുന്നതിനിടെ സ്ലാബില്‍ കുടുങ്ങിയ ലോറിയുടെ ടയര്‍ പഞ്ചറായതോടെ വാഹനം നീങ്ങാനാവാത്ത സ്ഥിതിയായി. ഇതോടെ ഇതുവഴി വടക്കോട്ടുള്ള വാഹനയാത്ര പാടേ നിശ്ചലമായി. ഉച്ചക്കു ശേഷമുണ്ടായ ഗതാഗത കുരുക്ക് മണിക്കൂറുകള്‍ നീണ്ടു. ഒടുവില്‍ ക്രെയിന്‍ ഉപയോഗിച്ച് ടാങ്കര്‍ നീക്കിയതോടെയാണ് അല്‍പം ആശ്വാസമായത്. അപ്പോഴേക്കും നഗരമാകെ ഗതാഗത കുരുക്കിലമര്‍ന്നിരുന്നു. ടാങ്കര്‍ നീക്കാന്‍ പോലീസും ഫയര്‍ഫോഴ്‌സും രംഗത്തുണ്ടായിരുന്നു.
















