
വടകര: വടകര പുതിയ ബസ് സ്റ്റാന്റിലെ പതിവ് കാഴ്ചയാണ് ഇത്. യാത്രക്കാരുടെ സീറ്റ് നായ സ്വന്തമാക്കിയിരിക്കുന്നു.
പോലീസ് എയ്ഡ് പോസ്റ്റിനു സമീപത്തെ സീറ്റുകളില്‍ ഒന്ന് ഇപ്പോള്‍ നായക്കുള്ളതാണ്. ഉറങ്ങണമെന്ന് തോന്നുമ്പോള്‍ ഈ നായ
ഇവിടെ എത്തും. പിന്നാലെ കയറിക്കിടക്കും. അതും നീണ്ട ഉറക്കം. എല്ലാ സീറ്റിലും ആളുണ്ടെങ്കില്‍ നായ അടുത്ത് വന്ന് കാലു തട്ടി എഴുന്നേല്‍പിക്കും. കടി കിട്ടുമോ എന്ന് പേടിച്ച് ആളുകള്‍ മാറിക്കൊടുക്കും. മൂത്രം ഒഴിക്കാനോ മറ്റോ ദൂരേക്ക് പോകുന്ന നായ കാര്യം കഴിഞ്ഞാല്‍ വീണ്ടും സീറ്റിലെത്തും. നിലത്തൊന്നും കിടക്കില്ല. നല്ല സീറ്റ് തന്നെ വേണം. ആരെങ്കിലും അടുത്ത സീറ്റുകളില്‍ വന്നിരുന്നാലും ഇഷ്ടന് കുഴപ്പമില്ല. ചങ്ങായിയെ പോലെ കാണും.
ദിവസങ്ങളായി ഇത് പതിവു കാഴ്ചയായി. സമീപത്തെ കച്ചവടക്കാരും
ബസ് ജീവനക്കാരും യാത്രക്കാരും നായയെ ശ്രദ്ധിക്കാറുണ്ട്. നല്ലയിനത്തില്‍പെട്ട വളര്‍ത്തുനായയാണെന്ന് തോന്നുന്നു. ആരോ ഉപേക്ഷിച്ചതാവാം. സ്റ്റാന്റ് കൈയടക്കിയ പതിവു തെരുവുനായകളോട് വലിയ ലോഹ്യമൊന്നും കാണിക്കാറില്ല. കഴിഞ്ഞ ദിവസം ഇതിനെ ഒരാള്‍ കൊണ്ടുപോവാന്‍ ശ്രമിച്ചപ്പോള്‍ വഴങ്ങിയില്ല. തന്നെ ഉപേക്ഷിച്ച യജമാനന്‍ ഒരു നാള്‍ വരുമെന്ന പ്രതീക്ഷയില്‍ കിടപ്പ് തുടരുകയാണ് നായ.
















