
നാദാപുരം: പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തിയ കേസിലെ പ്രതിക്ക് 13 വര്‍ഷം കഠിനതടവും 17,000 രൂപ പിഴയും ശിക്ഷ. ഒഞ്ചിയം പഞ്ചായത്തിലെ നാദാപുരം റോഡില്‍ ടെയ്‌ലര്‍ ആയി ജോലി
ചെയ്തിരുന്ന മുതുവടത്തൂര്‍ കുന്നത്ത് വീട്ടില്‍ കെ.ടി.കെ.സുധാകരനെയാണ് (63) നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി ദേവന്‍ കെ മേനോന്‍ ശിക്ഷിച്ചത്.
2023 നവംബര്‍ 22നാണ് കേസിനാസ്പദ സംഭവം. കടയിലേക്ക് ടീഷര്‍ട്ട് ആള്‍ട്ടര്‍ ചെയ്യാന്‍ ചെന്ന
15 വയസുള്ള ആണ്‍കുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ ഉപദ്രവിക്കുകയും ലൈംഗിക അതിക്രമം നടത്തുകയും ചെയ്ത കേസിലാണ് ശിക്ഷ. സംഭവ ദിവസം തന്നെ സ്റ്റേഷനില്‍ ചെന്ന കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചോമ്പാല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എഎസ്‌ഐ പി.വൈജയാണ് മൊഴി രേഖപ്പെടുത്തിയത്. പോലീസ് ഇന്‍സ്‌പെക്ടര്‍ ബി.കെ.സിജു
അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 17 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി. ലെയസണ്‍ ഓഫീസര്‍ എഎസ്‌ഐ പി.എം.ഷാനി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.
















