വടകര: ഉപ്പ് കലര്‍ന്ന കുടിവെള്ളം മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ഗുരുതരമായ ബുദ്ധിമുട്ടിന് പരിഹാരം തേടി യൂത്ത് ലീഗ് വടകര മുനിസിപ്പല്‍ കമ്മിറ്റിയുടെ
നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ സെക്രട്ടറി ഷുഹൈബ് കുന്നത്ത് സമരം ഉദ്ഘാടനം ചെയ്തു. എന്‍.പി.അബ്ദുള ഹാജി, അസീസ് എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് മാഹിര്‍ വടകര, അന്‍സീര്‍, അജിനാസ്.പി, അബു, അനസ് ചടവത്ത്, അജിനാസ്.കെ.പി, ഹിജാസ്.വി.പി എന്നിവര്‍ നേതൃത്വം നല്‍കി. വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ ഉപ്പിന്റെ അളവ് വര്‍ധിച്ചതിനാല്‍ ജനങ്ങള്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങളും ദൈനംദിന ബുദ്ധിമുട്ടുകളും നേരിടുകയാണ്. കുടിവെള്ളം ശുദ്ധവും സുരക്ഷിതവുമാക്കുക എന്നത് അടിസ്ഥാന മനുഷ്യാവകാശവും ഭരണകൂടത്തിന്റെ ഉത്തരവാദിത്വവുമാണ്. എന്നാല്‍
ബന്ധപ്പെട്ട അധികാരികള്‍ പ്രശ്‌നം പരിഹരിക്കുന്നതില്‍ കാണിക്കുന്ന അനാസ്ഥ പ്രതിഷേധാര്‍ഹമാണ്. ഈ സാഹചര്യത്തിലാണ് പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണുക, ഉപ്പുകലര്‍ന്ന വെള്ളവിതരണം ഉടന്‍ നിര്‍ത്തുക, ശുദ്ധജലം സ്ഥിരമായി ലഭ്യമാക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് ലീഗ് മാര്‍ച്ച് സംഘടിപ്പിച്ചത്. ആവശ്യം അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നു നേതാക്കള്‍ അറിയിച്ചു. യൂനസ് ആവിക്കല്‍ അധ്യക്ഷത വഹിച്ചു. ഇമ്രാന്‍ ജമീല സ്വാഗതവും മുനീര്‍ അറക്കിലാട് നന്ദിയും പറഞ്ഞു.















